ന്യൂഡൽഹി: സ്വർണക്കടത്ത് ആരോപണത്തിന് പിന്നാലെ ഇന്ത്യയിലെ അഫ്ഗാൻ നയതന്ത്രജ്ഞ രാജിവച്ചു. മൂന്ന് വർഷത്തോളമായി മുംബൈയിൽ കൗൺസിൽ ജനറലായും കഴിഞ്ഞൊരു വർഷമായി ആക്ടിംഗ് അബാസഡറുമായി സേവനമവുഷ്ഠിക്കുന്ന സാക്കിയ വാർദക് ആണ് രാജിവച്ചത്.
കഴിഞ്ഞ ഒരു വർഷത്തോളമായി താൻ വ്യക്തിപരമായി നിരവധി ആക്രമണങ്ങൾക്കും അപകീർത്തികൾക്കും ഇരയാകുന്നുവെന്നും ഇതിനെ തുടർന്നാണ് രാജിയെന്നും വാർദക് എക്സിൽ കുറിച്ചു. അഫ്ഗാൻ സമൂഹത്തിൽ സ്ത്രീകൾ അനുഭവിക്കുന്ന പ്രതിസന്ധികളെ ലോകത്തെ അറിയിക്കുന്നതിനും തന്റെ ജോലിയെയും ഇത് സാരമായി ബാധിച്ചുവെന്നും അവർ പറഞ്ഞു. രാജി വച്ചെങ്കിലും മാറ്റത്തിനായി വാദിക്കുന്നതിനുള്ള പ്രതിബദ്ധത അചഞ്ചലമായി തുടരന്നുവെന്നും അവർ കൂട്ടിച്ചേർത്തു.
കഴിഞ്ഞ മാസം മുംബൈ വിമാനത്താവളം വഴി 25 കിലോ സ്വർണം കടത്താൻ ശ്രമിച്ചതിന് പിന്നാലെയാണ് സാക്കിയയുടെ രാജി. ദുബായിൽ നിന്നും ഏകദേശം 2.2 ദശലക്ഷം ഡോളർ വിലമതിക്കുന്ന സ്വർണമാണ് കടത്തിയത്. ഇതിന് പിന്നാലെ വിമാനത്താവള അധികൃതർ അഫ്ഗാൻ പ്രതിനിധിയെ തടഞ്ഞിരുന്നു.
അഷ്റഫ് ഗനിയുടെ നേതൃത്വത്തിലുള്ള മുൻ അഫ്ഗാൻ സർക്കാർ നൽകിയ നയതന്ത്ര പാസ്പോർട്ടിലായിരുന്നു ഇവർ യാത്ര ചെയ്തത്. ഇക്കാരണത്താൽ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നില്ല. ജാക്കറ്റിലും അരക്കെട്ടിലുമായി പോക്കറ്റുകളിൽ 25 സ്വർണക്കട്ടികൾ ഒളിപ്പിച്ചുവെന്നാണ് അന്താരാഷ്‌ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. തുടർന്ന് ഇവരെ 12 മണിക്കൂറോളം ചോദ്യം ചെയ്തെന്ന വിവരവും പുറത്തുവന്നിരുന്നു.
കഴിഞ്ഞ വർഷാവസാനം മുതൽ സാക്കിയ വാർദക് ഇന്ത്യയിലേക്ക് സ്വർണം കടത്തിയിരുന്നുവെന്ന് സംശയമുണ്ടെന്നും സ്ഥിരമായി ദുബായിലേക്ക് യാത്ര ചെയ്തിരുന്നുവെന്നും വൃത്തങ്ങൾ സൂചിപ്പിച്ചു. അഷ്റഫ് ഗനി സർക്കാരാണ് വാർദകിനെ നിയമിച്ചതെങ്കിലും താലിബാന്റെ ആക്ടിംഗ് വിദേശകാര്യ മന്ത്രി അമീർ ഖാൻ മുത്താഖിയുടെ അദ്ധ്യക്ഷതയിൽ നടന്ന വെർച്വൽ മീറ്റിംഗുകളിൽ പങ്കെടുത്തതിന്റെ ചിത്രങ്ങൾ സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.















