ചെന്നൈ: എ ആർ റഹ്മാൻ ഷോയുമായി ബന്ധപ്പെട്ട് ഉപഭോക്താവിന് 67,000 രൂപ നഷ്ടപരിഹാരം നൽകാൻ വിധിച്ച് കരൂർ ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ. മോശം സംഘാടനം കാരണം കരൂർ സ്വദേശിയായ അശ്വിൻ മണികണ്ഠന് പരിപാടി കാണാൻ സാധിച്ചില്ല. ഇതിന് പരിഹാരമായാണ് തുക നൽകാൻ കോടതി ഉത്തരവിട്ടിരിക്കുന്നത്.
എആർ റഹ്മാന്റെ “മരക്കുമാ നെഞ്ചം- 2023 ” ഷോ കാണാനാണ് അശ്വിനും കുടുംബവും 12,000 രപ നൽകി ടിക്കെറ്റടുത്തത്. തിക്കും തിരക്കും കാരണം ഗ്രൗണ്ടിലേക്ക് കയറാൻ ഇവർക്ക് സാധിച്ചില്ല. ചെന്നൈ ഈസ്റ്റ് കോസ്റ്റ് റോഡിന് സമീപമുള്ള പനയൂരിൽ 2023 ഒക്ടോബർ 12-ന് ആദ്യം നിശ്ചയിച്ചിരുന്ന ഷോ വിവിധ കാരണങ്ങളാൽ നവംബർ 8-ലേക്ക് മാറ്റിവെക്കുകയായിരുന്നു. 2,000 മുതൽ 25,000 വരെയായിരുന്നു ടിക്കറ്റ് നിരക്ക്. മോശം സംഘാടനം കാരണം പരിപാടി പക്ഷെ അലങ്കോലപ്പെട്ടു.
ടിക്കറ്റ് തുക തിരികെ നൽകണമെന്ന് ആവശ്യപ്പെട്ട് യുവാവ് സംഘടകരെ സമീപിച്ചെങ്കിലും അവർ വിസമ്മതിച്ചു. തുടർന്നാണ് അശ്വിൻ ഉപഭോക്തൃ കമ്മീഷനിലെത്തിയത്. മൊത്തം 67,000 രൂപ നഷ്ടപരിഹാരം നൽകാനാണ് കോടതി ഉത്തരവ്. ഈ തുകയിൽ ടിക്കറ്റ് നിരക്കായ 12,000, അസൗകര്യത്തിനുള്ള നഷ്ടപരിഹാരം 50,000, കഷ്ടതയ്‌ക്കിടെ ഉണ്ടായ ചെലവുകൾക്കായി 5000 എന്നിവയും ഉൾപ്പെടുന്നു.















