തിരുവനന്തപുരം: നീണ്ട കാലത്തെ അനിശ്ചിതത്വങ്ങൾക്കൊടുവിൽ തിരുവന്തപുരത്തിന്റെ മെട്രോ സ്വപ്നങ്ങൾക്ക് വീണ്ടും ചിറകു മുളച്ചിരിക്കുന്നു. അന്തിമ പദ്ധതി രൂപരേഖ ജൂൺ അവസാനത്തോടെ കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (KMRL) സംസ്ഥാന സർക്കാരിന് സമർപ്പിക്കുമെന്നാണ് ലഭ്യമാകുന്ന വിവരം. 2012 ൽ തുടങ്ങി പലഘട്ടങ്ങളിലായി നിന്നുപോയ പദ്ധതിയാണ് ഇപ്പോൾ അന്തിമ ചർച്ചകളിലേക്ക് കടക്കുന്നത്.
2012 ഡിസംബറിലാണ് ആദ്യമായി തിരുവനന്തപുരം മെട്രോയുടെ അന്തിമ പദ്ധതി രൂപരേഖ ഡൽഹി മെട്രോ റെയിൽ കോർപ്പറേഷൻ (DMRC) അന്നത്തെ ഉമ്മൻചാണ്ടി സർക്കാരിന് സമർപ്പിക്കുന്നത്. പദ്ധതിക്ക് 2013 ൽ മന്ത്രിസഭയുടെ അംഗീകാരം ലഭിക്കുകയും പിന്നാലെ ഡിഎംആർസി യും കെഎംആർഎൽ ഉം കരാറൊപ്പുവയ്‌ക്കുകയും ചെയ്തു. 2016 ൽ കൺസൾട്ടേഷനുകൾക്കായി ഡിഎംആർസി പദ്ധതി ഏറ്റെടുത്തെങ്കിലും മന്ദഗതിയിലുള്ള പുരോഗതി പ്രശ്നങ്ങൾ കാരണം ഉപേക്ഷിക്കുകയായിരുന്നു.
സംസ്ഥാന സർക്കാർ ഉയർന്ന നിർമ്മാണച്ചിലവ് കാരണം 2017 ൽ മെട്രോ പ്രൊജക്റ്റ് നിർത്തിവച്ചു. തുടർന്ന് 2020 ൽ ഡിഎംആർസി പുതുക്കിയ ഡിപിആർ തയാറാക്കി നൽകുകയായിരുന്നു. 2021 ൽ ലൈറ്റ് മെട്രോ പദ്ധതിക്കായി അംഗീകാരം നൽകിയെങ്കിലും പഠനങ്ങളെ തുടർന്ന് മീഡിയം മെട്രോ പദ്ധതിയാണ് തിരുവനന്തപുരത്തിന് അനുയോജ്യം എന്ന തീരുമാനത്തിലെത്തുകയായിരുന്നു.
ഡിഎംആർസി തയാറാക്കിയ പുതിയ എസ്റ്റിമേറ്റ് പ്രകാരം ഏകദേശം 11 ,560 .8 കോടി രൂപയാണ് പദ്ധതിയുടെ ആകെ ചിലവ് കണക്കാക്കുന്നത്. കെഎംആർഎൽ ഫെബ്രുവരിയിൽ സംസ്ഥാന സർക്കാരിന് സമർപ്പിച്ച ഡിപിആറിന്റെ പ്രാഥമിക വിവരറിപ്പോർട്ടിൽ പദ്ധതിയുടെ നിർമ്മാണഘട്ടങ്ങളും ചിലവും ഉൾപ്പെടെയുള്ള കാര്യങ്ങൾ പരാമർശിക്കുന്നുണ്ട്.
രണ്ട് ഘട്ടങ്ങളിലായാണ് മെട്രോയുടെ നിർമ്മാണം. ആദ്യ ഘട്ടത്തിനായി 7 ,503 .18 കോടിയാണ് വിനിയോഗിക്കുന്നത്. പള്ളിപ്പുറം ടെക്നോസിറ്റി മുതൽ പള്ളിച്ചൽ വരെയുള്ള 30 .8 കിലോമീറ്റർ ദൂരത്തിലാണ് ആദ്യഘട്ടത്തിൽ നടപ്പിലാക്കുന്നത്. 4 ,057.7 കോടിയാണ് രണ്ടാം ഘട്ടത്തിന്റെ ചിലവ്. കഴക്കൂട്ടം മുതൽ കിള്ളിപ്പാലം വരെ 15.9 കിലോമീറ്ററാണ് രണ്ടാം ഘട്ടത്തിൽ ഉൾപ്പെടുന്നത്. ആകെ 38 സ്റ്റേഷനുകളാണ് ഉണ്ടാവുക. രണ്ടാം ഘട്ടത്തിൽ ഉൾപ്പെടുന്ന 13 സ്റ്റേഷനുകളിൽ രണ്ടെണ്ണം ഭൂർഗർഭ സ്റ്റേഷനുകളായിരിക്കും. കിഴക്കേ കോട്ടയിലും കിള്ളിപ്പാലത്തിലുമായിരിക്കും ഇവ. കഴക്കൂട്ടവും കിള്ളിപ്പാലവുമായിരിക്കും മെട്രോയുടെ പ്രധാന ടെർമിനലുകൾ.
തിരഞ്ഞെടുപ്പിന്റെ മാതൃകാ പെരുമാറ്റച്ചട്ടം പിൻവലിച്ചുകഴിഞ്ഞാലുടൻ ഡിഎംആർസി അന്തിമ രൂപരേഖ കെഎംആർഎല്ലിന് കൈമാറും. ജൂൺ അവസാനത്തോടുകൂടി ഇത് സർക്കാരിന് സമർപ്പിക്കും. പട്ടത്തും ശ്രീകാര്യത്തുമുള്ള മേൽപ്പാലങ്ങളുടെ നിർമ്മാണമാണ് ആദ്യഘട്ട നിർമ്മാണ പ്രവർത്തനങ്ങളിൽ ഉൾപ്പെടുന്നത്. പദ്ധതി യാഥാർഥ്യമായാൽ ഏറെക്കാലമായുള്ള തിരുവനന്തപുരത്തെ ഗതാഗത കുരുക്കിന് പരിഹാരമാവുകയും ഇതിലൂടെ നഗരത്തിന്റ മുഖഛായ തന്നെ മാറുകയും ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.