പത്തനംതിട്ട: ബൈക്കപകടത്തിൽ പരിക്കേറ്റ സുഹൃത്തിനെ വഴിയിൽ ഉപേക്ഷിച്ച് കടന്നുകളയാൻ ശ്രമിച്ച യുവാവിനെ പിടികൂടി. പത്തനംതിട്ട കാരംവേലിയിലാണ് സംഭവം. പരിക്കേറ്റ 17കാരനെ പിന്നീട് ആശുപത്രിയിലെത്തിക്കുമ്പോഴേക്കും മരിച്ചിരുന്നു. നെല്ലിക്കാല സ്വദേശി സുധീഷ് ആണ് മരിച്ചത്. ബൈക്കുമായി കടന്നു കളയാൻ ശ്രമിച്ച സുഹൃത്ത് സഹദിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ഇന്നലെ രാത്രി 9.30ഓടെയാണ് സംഭവം. മരിച്ച സുധീഷും ബൈക്ക് ഓടിച്ചിരുന്ന സഹദും ഉറ്റ സുഹൃത്തുക്കളാണെന്ന് വിവരം. രാത്രിയോടെ സുധീഷിന്റെ വീട്ടിലെത്തിയ സഹദ് കോഴഞ്ചേരിയിലേക്ക് പോവുകയാണെന്ന് പറഞ്ഞാണ് സുധീഷിനെ ഒപ്പം കൂട്ടിയത്. അല്പദൂരം പിന്നിട്ടപ്പോൾ ഇവർ സഞ്ചരിച്ച ബൈക്ക് അപകടത്തിൽ പെടുകയായിരുന്നു. ബൈക്കിന്റെ പിന്നിലിരുന്ന സുധീഷ് റോഡിലേക്ക് തെറിച്ച വീണ് തലയ്‌ക്ക് ഗുരുതരമായി പരിക്ക് പറ്റി. എന്നാൽ സുഹൃത്തായ സഹദ് ഇത് കണ്ടിട്ടും സുധീഷിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകാതെ ബൈക്കുമായി അവിടെ നിന്നും കടന്നുകളയാൻ ശ്രമിക്കുകയായിരുന്നു.
സംഭവ സ്ഥലത്തുനിന്നും രക്ഷപെടാൻ ശ്രമിച്ച സഹദിനെ നാട്ടുകാർ തടഞ്ഞ് വെച്ച് പൊലീസിൽ ഏൽപ്പിച്ചു. ആംബുലൻസെത്തി സുധീഷിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പ്രതിയെ ആറന്മുള പൊലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.