എറണാകുളം: ഹോസ്റ്റലിലെ ശുചിമുറിയിൽ യുവതി പ്രസവിച്ചു. എറണാകുളം നഗരമധ്യത്തിലെ ഹോസ്റ്റലിലാണ് അവിവാഹിതയായ യുവതി ശുചിമുറിയിൽ ആൺകുഞ്ഞിന് ജന്മം നൽകിയത്. റൂമിലുണ്ടായിരുന്ന മറ്റു പെൺകുട്ടികൾ സംശയം തോന്നി വാതിൽ തള്ളിത്തുറന്നപ്പോഴാണ് വിവരം പുറത്തറിഞ്ഞത്. പെൺകുട്ടികൾ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസെത്തി അമ്മയെയും കുഞ്ഞിനേയും ആശുപത്രിയിലേക്ക് മാറ്റി.
ഹോസ്റ്റലിൽ ഉണ്ടായിരുന്ന 5 പെൺകുട്ടികളും യുവതി ഗർഭിണി ആണെന്ന വിവരം അറിഞ്ഞിരുന്നില്ല. യുവതി മുൻപ് ശാരീരിക അസ്വസ്ഥതകൾ പ്രകടമാക്കിയിരുന്നെങ്കിലും വിവരം അന്വേഷിച്ച സുഹൃത്തുക്കളോട് കള്ളം പറഞ്ഞ് ഒഴിഞ്ഞുമാറിയിരുന്നു. യുവതി ശുചിമുറിയിൽ കയറി ഏറെനേരം കഴിഞ്ഞിട്ടും കാണാതായതോടെ പെൺകുട്ടികൾ വാതിൽ മുട്ടിയെങ്കിലും പ്രതികരണമൊന്നും ലഭിച്ചില്ല. തുടർന്ന് വാതിൽ തള്ളി തുറക്കുമ്പോഴാണ് യുവതി പ്രസവിച്ച വിവരം ഇവർ അറിയുന്നത്. പെൺകുട്ടികൾ ഉടൻ തന്നെ എറണാകുളം നോർത്ത് പൊലീസ് സ്റ്റേഷനിൽ വിവരമറിയിക്കുകയായിരുന്നു.
പൊലീസെത്തി അമ്മയെയും കുഞ്ഞിനേയും എറണാകുളം ജനറൽ ആശുപത്രിയിലേക്ക് മാറ്റി. കാമുകനിൽ നിന്നാണ് ഗർഭം ധരിച്ചതെന്ന് യുവതി പോലീസിന് മൊഴിനല്കിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ ഇവർ രണ്ടുപേരുടെയും വീട്ടുകാരെ പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചിട്ടുണ്ട്. യുവതി എറണാകുളത്തിലെ ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്ത വരികയായിരുന്നു. അമ്മയും കുഞ്ഞും പൂർണ ആരോഗ്യത്തോടെയിരിക്കുന്നുവെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.















