ധർമ്മശാല: ഐപിഎല്ലിൽ പഞ്ചാബ് കിംഗ്‌സിനെതിരെ ചെന്നൈ സൂപ്പർ കിംഗ്‌സിന് 28 റൺസ് വിജയം. ഇതോടെ ചെന്നൈ പ്ലേ ഓഫിലേക്ക് അടുത്തു. സീസണിലെ ഏഴാം തോൽവി വഴങ്ങിയതോടെ പഞ്ചാബിന്റെ സാധ്യതകൾക്ക് മങ്ങലേറ്റിരിക്കുകയാണ്.
ടോസ് ലഭിച്ചിട്ടും ഫീൽഡിംഗ് തിരഞ്ഞെടുത്ത പഞ്ചാബിന്റെ തീരുമാനം ശരിയെന്ന് തോന്നിപ്പിക്കുന്നതായിരുന്നു ചെന്നൈയുടെ ഇന്നിംഗ്‌സ്. വമ്പൻ സ്‌കോറിലേക്ക് നീങ്ങാതെ ചെന്നൈയുടെ ബാറ്റർമാരെ പിടിച്ചുകെട്ടാൻ പഞ്ചാബിനായി.
ഓപ്പണർ അജിൻക്യാ രഹാനയെ തുടക്കത്തിൽ തന്നെ ചെന്നൈയ്‌ക്ക് നഷ്ടമായി. 7 പന്തിൽ 9 റൺസാണ് അജിൻക്യാ രഹാനെ നേടിയത്. എന്നാൽ പിന്നാലെ ക്രീസിൽ ഒരുമിച്ച ക്യാപ്റ്റൻ ഋതുരാജ് ഗെയ്‌ക്ക് വാദും (21 പന്തിൽ 32 റൺസ്) ഡരൈൽ മിച്ചലും (19 പന്തിൽ 30) ചെന്നൈയ്‌ക്ക് ആത്മവിശ്വാസം നൽകി.
എന്നാൽ ഈ മുൻതൂക്കം മുതലെടുക്കാൻ ചെന്നൈയുടെ മധ്യനിരയ്‌ക്കും വാലറ്റത്തിനും കഴിഞ്ഞില്ല. നാലാമനായി ക്രീസിൽ എത്തിയ ശിവം ദുബെ റൺസൊന്നുമെടുക്കാതെ മടങ്ങി. 26 പന്തിൽ 43 റൺസ് നേടിയ രവീന്ദ്ര ജഡേജ മാത്രമാണ് തിളങ്ങിയത്. മൊയീൻ അലി 20 പന്തിൽ 17 റൺസും ഷാർദ്ദൂൽ ഥാക്കൂർ 11 പന്തിൽ 17 റൺസുമെടുത്ത് മടങ്ങി. അവസാനമിറങ്ങിയ ധോണിക്കും റൺസൊന്നും കണ്ടെത്താനായില്ല.
20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ ചെന്നൈയുടെ സ്‌കോർ 167 റൺസിലൊതുങ്ങി. പഞ്ചാബിന് വേണ്ടി രാഹുൽ ഛഹാറും ഹർഷാൽ പട്ടേലും മൂന്ന് വിക്കറ്റുകൾ വീതം വീഴ്‌ത്തി. അർഷ് ദീപ് സിംഗ് രണ്ട് വിക്കറ്റുകളും വീഴ്‌ത്തി.
ചെന്നൈയുടെ വമ്പൻ സ്‌കോർ മോഹത്തിന് തടയിട്ട ആശ്വാസത്തിലിറങ്ങിയ പഞ്ചാബിന് തുടക്കത്തിൽ തന്നെ ചുവടു പിഴയ്‌ക്കുന്നതാണ് കണ്ടത്. 23 പന്തിൽ നിന്ന് 30 റൺസെടുത്ത ഓപ്പണർ പ്രഭ്‌സിമ്രാൻ സിംഗും 20 പന്തിൽ 27 റൺസെടുത്ത ശശാങ്ക് സിംഗും മാത്രമാണ് അൽപമെങ്കിലും പിടിച്ചുനിന്നത്. ഹർപ്രീത് ബ്രാർ 13 പന്തിൽ പുറത്താകാതെ 17 റൺസും രാഹുൽ ഛഹാർ 10 പന്തിൽ 16 റൺസും ഹർഷാൽ പട്ടേൽ 13 പന്തിൽ 12 റൺസുമെടുത്തു. ഒടുവിൽ 20 ഓവർ തികയുമ്പോൾ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ പഞ്ചാബിന്റെ മറുപടി 139 റൺസിലൊതുങ്ങി. രവീന്ദ്ര ജഡേജയാണ് കളിയിലെ താരം