ചണ്ഡീഗഡ്: ജമ്മുകശ്മീരിലെ പൂഞ്ചിൽ നടന്ന ഭീരാക്രമണം മുൻകൂട്ടി ആസൂത്രണം ചെയ്തതാണെന്ന വിവാദ പരാമർശവുമായി പഞ്ചാബ് മുൻ മുഖ്യമന്ത്രി ചരൺജിത്ത് സിംഗ് ഛന്നി. പൂഞ്ചിൽ നടക്കുന്നത് ഭീകരാക്രമണങ്ങളല്ലെന്നും പകരം വെറുമൊരു സ്റ്റണ്ടാണെന്നുമായിരുന്നു ചരൺജിത്ത് സിംഗ് ഛന്നിയുടെ വാക്കുകൾ. തെരഞ്ഞെടുപ്പിൽ വിജയിക്കാൻ ബിജെപി നടത്തുന്ന ആക്രമണമാണെന്ന വിചിത്ര ആരോപണവും ഛന്നി ഉന്നയിച്ചു. പരാമർശം വിവാദമായതോടെ വൻ പ്രതിഷേധമാണ് ചരൺജിത്ത് സിംഗ് ഛന്നിക്കെതിരെ ഉയർന്നു വരുന്നത്.
” പൂഞ്ചിൽ നടന്നത് ഭീകരാക്രമണമല്ല, ഇത് വെറുമൊരു സ്റ്റണ്ട് മാത്രമാണ്. തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ ബിജെപി വിജയിക്കുന്നതിനായി ഇത്തരം സ്റ്റണ്ടുകൾ നടത്തുന്നു. അതിനെ ഒരിക്കലും ഭീകരാക്രമണമായി കാണാൻ സാധിക്കില്ല. ഇതിൽ ഒരു സത്യവുമില്ല. ഇത് മുൻ കൂട്ടി ആസൂത്രണം ചെയ്ത ആക്രമണങ്ങളാണ്. ആളുകളെ കൊല്ലാനും അവരുടെ ശരീരം കൊണ്ട് കളിക്കാനും കേന്ദ്രസർക്കാരിനറിയാം.”- ചരൺജിത്ത് സിംഗ് ഛന്നി ആരോപിച്ചു.
ഇന്നലെ ജരാൻവാലിയിലെ വ്യോമസേന സ്റ്റേഷനിൽ നിന്ന് തിരികെ വരും വഴി സുരാൻകോട്ടിൽ വച്ചാണ് ഭീകരർ വെടിയുതിർത്തത്. ആക്രമണത്തിൽ വ്യോമസേന സൈനികൻ കോർപ്പറൽ വിക്കി പഹാഡെ വീരമൃത്യു വരിച്ചു. നാല് സൈനികർക്ക് പരിക്കേറ്റിട്ടുണ്ട്. ഇതിൽ രണ്ട് പേരുടെ നില അതീവ ഗുരുതരമായി തുടരുന്നതിനിടെയാണ് ചരൺജിത്ത് ഛന്നിയുടെ വിവാദ പരാമർശം.
വീരമൃത്യു വരിച്ച സൈനികന്റെ ഭൗതിക ശരീരത്തോട് അനാദരവ് കാട്ടുന്നതാണ് ഛന്നിയുടെ ആരോപണമെന്ന വിമർശനം ഉയർന്നുകഴിഞ്ഞു. സംഭവത്തിൽ ചന്നിയും കോൺഗ്രസ് നേതൃത്വവും മാപ്പ് പറയണമെന്നും ദേശവിരുദ്ധ പരാമർശമാണ് ഛന്നി നടത്തിയതെന്നും ചൂണ്ടിക്കാട്ടി കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂറും മുതിർന്ന ബിജെപി നേതാക്കളും കടുത്ത പ്രതിഷേധം അറിയിച്ചു.















