മെൽബൺ: ഓസ്‌ട്രേലിയയിൽ ഇന്ത്യൻ വിദ്യാർത്ഥി കുത്തേറ്റ് കൊല്ലപ്പെട്ടു. മെൽബണിൽ ഞായറാഴ്ചയാണ് സംഭവം. ഹരിയാനയിലെ കർണാലിൽ നിന്നുളള 22 കാരനായ നവ്ജീത് സന്ധുവാണ് കൊല്ലപ്പെട്ടത്. എംടെക് വിദ്യാർത്ഥിയായിരുന്നു നവ്ജീത്.
ഹരിയാനയിൽ നിന്നുളള രണ്ട് പേരാണ് കൊലപാതകത്തിന് പിന്നിലെന്നും വിദ്യാർത്ഥികൾ തമ്മിലുളള വൈരാഗ്യമാണ് സംഭവത്തിലേക്ക് നയിച്ചതെന്നുമാണ് പ്രാഥമിക വിവരം. സംഭവത്തിൽ സഹോദരങ്ങളായ രണ്ട് പേർക്കായി തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്. ഇരുവരും ഒളിവിലാണ്.
ശർവൺ കുമാർ എന്ന ഇന്ത്യൻ വിദ്യാർത്ഥിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണ് സംഘർഷത്തിന് കാരണം. ഒപ്പം താമസിച്ചിരുന്നവരുമായി കലഹിച്ച് ഇയാൾ നവ്ജീതിന്റെ ഫ്‌ളാറ്റിലേക്ക് താമസം മാറിയിരുന്നു. ഇതിൽ കലി പൂണ്ട ഇയാളുടെ ഒപ്പം താമസിച്ചിരുന്നവർ സാധനങ്ങൾ എടുത്തുകൊണ്ടു പോകാനായി ശർവൺ കുമാറിനെ മുറിയിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു.
ശർവണിന്റെ അഭ്യർത്ഥന പ്രകാരം ഒപ്പം പോയതാണ് നവ്ജീത്. അവിടെ എത്തിയതോട മുറിയിൽ ഉണ്ടായിരുന്നവർ കത്തി ഉപയോഗിച്ച് ഇരുവരെയും ആക്രമിക്കുകയായിരുന്നു. നവ്ജീതിന്റെ നെഞ്ചിൽ മൂന്ന് കുത്തുകളേറ്റതായിട്ടാണ് വിവരം. ആശുപത്രിയിലേക്കുളള യാത്രയ്‌ക്കിടെയാണ് നവ്ജീത് മരണപ്പെടുന്നത്.
ഞായറാഴ്ച പുലർച്ചെ രണ്ട് മണിയോടെയാണ് നവ്ജീത് കൊല്ലപ്പെട്ടെന്ന വിവരം കർണാലിലെ ബന്ധുക്കളെ സുഹൃത്തുക്കൾ വിളിച്ച് അറിയിക്കുന്നത്. ശനിയാഴ്ചയും നവ്ജീതുമായി സംസാരിച്ചതാണെന്ന് അമ്മാവൻ ജിതേന്ദർ സന്ധു പറഞ്ഞു.