മാഞ്ചസ്റ്റർ: സ്വാഭാവിക അഭിനയ മികവ് കൊണ്ട് ലോകമെമ്പാടുമുളള ചലച്ചിത്ര പ്രേമികളെ വിസ്മയിപ്പിച്ച ബ്രിട്ടീഷ് അഭിനേതാവ് ബെർണാഡ് ഹിൽ വിടപറഞ്ഞു. 79 വയസായിരുന്നു. വിഖ്യാത ചലച്ചിത്രം ടൈറ്റാനിക്, ദ ലോർഡ് ഓഫ് റിങ്‌സ് തുടങ്ങിയ സിനിമകളിലെ അഭിനയം ലോകശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.
സ്‌കോട്ടിഷ് ഗായികയും നടിയുമായ ബാർബറ ഡിക്‌സൺ ആണ് സമൂഹമാദ്ധ്യമം വഴി ബെർണാഡ് ഹില്ലിന്റെ മരണവാർത്ത ലോകത്തെ അറിയിച്ചത്. അതിശയിപ്പിക്കുന്ന നടനായിരുന്നു ഹിൽ എന്ന് ബാർബറ ഡിക്‌സൺ പറഞ്ഞു. ഹില്ലുമൊത്ത് ചില സിനിമകളിൽ ബാർബറ അഭിനയിച്ചിട്ടുമുണ്ട്. ചരിത്ര വേഷങ്ങളും സങ്കൽപ കഥാപാത്രങ്ങളുമൊക്കെ അഭിനയിച്ച് ഫലിപ്പിക്കാൻ അസാധ്യവൈഭവം പുലർത്തിയിരുന്ന നടനായിരുന്നു.
ടൈറ്റാനിക് സിനിമയിൽ കപ്പലിന്റെ ക്യാപ്റ്റൻ എഡ്വേർഡ് സ്മിത്ത് ആയിട്ടാണ് ബെർണാഡ് ഹിൽ വേഷമിട്ടത്. നായികാ നായകൻമാരായ ജാക്കും റോസും കഴിഞ്ഞാൽ ചിത്രത്തിൽ പ്രേക്ഷകർ ശ്വാസമടക്കി കണ്ടിരുന്നതും കൈയ്യടിച്ചതും ബെർണാഡ് ഹില്ലിന്റെ അഭിനയ മികവിനാണ്. കപ്പലിനൊപ്പം ജീവിതം അവസാനിപ്പിക്കാൻ തീരുമാനിക്കുന്ന വൈകാരിക നിമിഷങ്ങൾ അതേ തീവ്രതയോടെ പ്രേക്ഷകരിലേക്ക് കടത്തി വിടാൻ സ്വാഭാവിക അഭിനയത്തിലൂടെ അദ്ദേഹത്തിന് അനായാസം സാധിച്ചു.
പീറ്റർ ജാക്‌സന്റെ ദ ലോർഡ് ഓഫ് റിങ്‌സിലും ശ്രദ്ധേയമായ വേഷം ചെയ്തു. കിംഗ് തിയോഡന്റെ വേഷമാണ് ബർണാഡ് ഷാ അനശ്വരമാക്കിയത്. ഇംഗ്ലണ്ടിലെ മാഞ്ചസ്റ്ററിൽ ജനിച്ച ബർണാഡ് ഹിൽ ബിബിസിയിലെ ബോയ്‌സ് ഫ്രം ദ ബ്ലാക്ക് സ്റ്റഫ് എന്ന നാടകത്തിലൂടെയാണ് ശ്രദ്ധ നേടുന്നത്. സിനിമ കൂടാതെ ടെലിവിഷനിലും തിയറ്റർ ഡ്രാമയിലും കൈയ്യൊപ്പ് പതിപ്പിച്ചിരുന്നു.















