ചെന്നൈ: തമിഴ്നാട്ടിലെ പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങളായ നീലഗിരി ജില്ലയിലെ ഊട്ടി, ദിണ്ടിഗൽ ജില്ലയിലെ കൊടൈക്കനാൽ എന്നിവിടങ്ങളിലേക്ക് പോകുന്ന വിനോദസഞ്ചാരികൾക്ക് തമിഴ് നാട് സർക്കാർ ഈ പാസ് ഏർപ്പെടുത്തി .’ഇ-പാസ്’ ലഭിക്കുന്നതിനുള്ള വെബ്‌സൈറ്റ് വിലാസം തമിഴ്‌നാട് സർക്കാർ പ്രസിദ്ധീകരിച്ചു. സർക്കാർ പുറത്തിറക്കിയ പത്രക്കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ചൊവ്വാഴ്ച (മെയ് 7) മുതൽ ഇ-പാസ് സംവിധാനം ഏർപ്പെടുത്തണമെന്ന് ചെന്നൈ ഹൈക്കോടതി ഉത്തരവിട്ടിരുന്നു.
പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രങ്ങളായ ഊട്ടിയും കൊടൈക്കനാലും തമിഴ്‌നാട്ടിൽ നിന്ന് മാത്രമല്ല, ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളിൽ നിന്നും വിദേശത്തുനിന്നും വിനോദസഞ്ചാരികളെ ആകർഷിക്കുന്നുണ്ട്. വേനൽക്കാലത്ത് സഞ്ചാരികളുടെ എണ്ണം കൂടുതലാണെന്ന വസ്തുത കണക്കിലെടുത്ത് അവർക്ക് ഈ പാസ് ഏർപ്പെടുത്തണമെന്ന് മദ്രാസ് ഹൈക്കോടതി നിർദ്ദേശിച്ചു. ജസ്റ്റിസുമാരായ ഡി ഭരത ചക്രവർത്തി, എൻ സതീഷ് കുമാർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ഇ-പാസ് എന്ന ആശയം അവതരിപ്പിച്ചത്.
11,500 കാറുകളും 6,500 ഇരുചക്രവാഹനങ്ങളും ഉൾപ്പെടെ പ്രതിദിനം 20,000-ലധികം വാഹനങ്ങൾ ഇവിടങ്ങളിലേക്ക് എത്തുന്നു എന്ന റിപ്പോർട്ടിനെ തുടർന്നാണ് , ഇ-പാസ് വിതരണത്തിന് ഓൺലൈൻ പ്ലാറ്റ്ഫോം സ്ഥാപിക്കാൻ കോടതി ജില്ലാ കളക്ടർമാർക്ക് നിർദ്ദേശം നൽകിയത്.
തുടർന്ന് ഇവിടേക്ക് വരുന്ന വിനോദസഞ്ചാരികൾ ഇ-പാസിന് അപേക്ഷിക്കാൻ സർക്കാർ നിർദ്ദേശിക്കുകയായിരുന്നു. ഈ വിനോദസഞ്ചാര കേന്ദ്രങ്ങൾ സന്ദർശിക്കുന്നതിന് വിനോദസഞ്ചാരികൾക്കും ബിസിനസുകാർക്കും ഒരു നിയന്ത്രണവുമില്ല. എന്നാലും അവർ ഇ-പാസ് അനുസരിച്ച് രജിസ്റ്റർ ചെയ്ത് യാത്ര ചെയ്യണം.
സന്ദർശകർക്ക് 2024 മെയ് 6 (തിങ്കൾ) രാവിലെ 6.00 മുതൽ ‘ epass.tnega.org ‘ എന്ന വെബ്‌സൈറ്റിൽ ആവശ്യമായ വിവരങ്ങൾ നൽകി ഇ-പാസ് നേടാം . വിദേശ യാത്രക്കാർക്ക് അവരുടെ ഇമെയിൽ വിലാസം ഉപയോഗിച്ച് ഓൺലൈനായി അപേക്ഷിക്കാം. ആഭ്യന്തര യാത്രക്കാർക്ക് അവരുടെ ഫോൺ നമ്പർ ഉപയോഗിച്ച് അപേക്ഷിക്കാം. അപേക്ഷിച്ചാൽ ഇ-പാസ് ഓട്ടോമാറ്റിക്കായി ലഭിക്കും.
ഈ സംവിധാനം നിലവിൽ ജൂൺ 30 വരെ വേണമെന്നാണ് തീരുമാനിച്ചിട്ടുള്ളത്. പ്രദേശവാസികളെ ഈ നിയന്ത്രണത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
Photo : https://www.tamilnadutourism.tn.gov.in/















