ന്യൂഡൽഹി: ഡൽഹി മദ്യനയ അഴിമതിക്കേസിൽ ബിആർഎസ് നേതാവ് കെ കവിതയുടെ ജാമ്യാപേക്ഷ തള്ളി. മദ്യനയത്തിലെ ക്രമക്കേടുകൾ സംബന്ധിച്ച് സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷനും (സിബിഐ) എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റും (ഇഡി) രജിസ്റ്റർ ചെയ്ത കേസുകളിലാണ് കവിതയ്ക്ക് ജാമ്യം നിഷേധിച്ചത്. ഡൽഹി റോസ് അവന്യു കോടതിയിലെ പ്രത്യേക ജഡ്ജി കാവേരി ബവേജയാണ് രണ്ട് ജാമ്യാപേക്ഷകളും തള്ളിയത്.
ഇഡി രജിസ്റ്റർ ചെയ്ത കേസിൽ മാർച്ച് 23 നും സിബിഐ അന്വേഷിക്കുന്ന കേസിൽ ഏപ്രിൽ 15 നുമാണ് കവിത ജാമ്യാപേക്ഷ നൽകിയിരുന്നത്. അന്വേഷണ ഏജൻസികൾ സ്വാഭാവിക നീതി നിഷേധിച്ചുകൊണ്ടാണ് തന്നെ അറസ്റ്റ് ചെയ്തതെന്ന് ആരോപിച്ചാണ് ജാമ്യാപേക്ഷ നൽകിയത്. തെലങ്കാനയിൽ വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ പാർട്ടിയുടെ താര പ്രചാരകയാണ് കവിതയെന്നും അതിനാൽ ജാമ്യം നൽകണമെന്നുമാണ് കവിതയ്ക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ വാദിച്ചത്.
എന്നാൽ എല്ലാ നിയമ നടപടികളും പാലിച്ചാണ് കവിതയെ അറസ്റ്റ് ചെയ്തതെന്ന് സിബിഐ കോടതിയിൽ വ്യക്തമാക്കി. മദ്യനയ അഴിമതിക്കേസിൽ മാർച്ച് 15 നാണ് ബിആർഎസ് നേതാവ് കവിതയെ ഇഡി ഹൈദരാബാദിൽ നിന്ന് അറസ്റ്റ് ചെയ്തത്. തുടർന്ന് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ട കവിതയെ തീഹാർ ജയിലിലായിരിക്കെ ചോദ്യം ചെയ്യലിന് ശേഷമാണ് സിബിഐ അറസ്റ്റ് ചെയ്യുന്നത്. കവിത മദ്യ നയക്കേസിലെ മുഖ്യ കണ്ണിയാണെന്നും ആം ആദ്മി പാർട്ടിക്ക് ദക്ഷിണേന്ത്യയിൽ നിന്നുള്ള ചില ബിസിനസുകാരിൽ നിന്നും 100 കോടി രൂപ കോഴപ്പണം വാങ്ങി നൽകിയതിൽ ഇവർക്കും പങ്കുണ്ടെന്ന് അന്വേഷണ ഏജൻസികൾ കണ്ടെത്തിയിരുന്നു.