ഒരു ഇടവേളയ്‌ക്ക് ശേഷം ഇന്ദ്രജിത്ത് നായകനാകുന്ന പുതിയ ചിത്രമാണ് മാരിവില്ലിൻ ഗോപുരങ്ങൾ. നവാഗതനായ അരുൺ ബോസ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ശ്രുതി രാമചന്ദ്രൻ, സർജാനോ ഖാലിദ്, വിൻസി അലോഷ്യസ് എന്നിവരും പ്രധാന വേഷത്തിൽ എത്തുന്നു. ചിത്രത്തിന്റെ ട്രെയിലറാണ് അണിയറ പ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്.
കുടുംബകഥ പറയുന്ന ചിത്രം ഒരു മുഴുനീള എന്റർടെയിനറായാണ് പ്രേക്ഷകരുടെ മുന്നിലെത്തുക. രണ്ട് സഹോദരങ്ങളുടെയും അവരുടെ ഭാര്യമാരുടെയും കഥ പറയുന്ന ചിത്രത്തിൽ സായ് കുമാർ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഈ മാസം 10-നാണ് ചിത്രം തിയേറ്ററിലെത്തുന്നത്. ചിത്രം ഫെബ്രുവരിയിൽ പുറത്തിറങ്ങുമെന്നാണ് അണിയറപ്രവർത്തകർ നേരത്തെ അറിയിച്ചിരുന്നത്. എന്നാൽ അത് മാറ്റിവക്കുകയായിരുന്നു.
കോക്കേഴ്‌സ് മീഡിയ എന്റർടെയ്ൻമെന്റ്‌സാണ് ചിത്രം നിർമിക്കുന്നത്. നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിന്റ ടീസർ ഏറെ ശ്രദ്ധ നേടിയിരുന്നു. യുവതലമുറ നേരിടുന്ന പ്രശ്‌നങ്ങളാണ് ചിത്രത്തിന്റെ പ്രമേയം.
മിണ്ടിയും പറഞ്ഞും, ലൂക്ക എന്നീ ചിത്രങ്ങൾക്ക് ശേഷം അരുൺ ബോസ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. പ്രമോദ് മോഹനാണ് തിരക്കഥ ഒരുക്കിയിരിക്കുനന്ത്. വിദ്യാസഗറാണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ. വസിഷ്ട് ഉമേഷ്, ജോണി ആന്റണി, സലീം കുമാർ, വിഷ്ണു ഗോവിന്ദ് തുടങ്ങിയവരും സിനിമയിലെ മറ്റ് പ്രധാന കഥാപാത്രങ്ങൾ ചെയ്യുന്നു.















