റാഞ്ചി: കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി പാർട്ടി വിട്ട ഛത്തീസ്ഗഡ് വക്താവ് രാധിക ഖേര. കാലങ്ങളായി പാർട്ടിയിൽ നിന്ന് വിവേചനം നേരിട്ടിരുന്നുവെന്ന് അവർ തുറന്നടിച്ചു. രാമക്ഷേത്ര സന്ദർശനത്തിന്റെ പേരിൽ എല്ലാ തട്ടിൽ നിന്നും ശകാരങ്ങൾക്കും അധിക്ഷേപങ്ങൾക്കും ഇരയാകേണ്ടി വന്നിരുന്നുവെന്നും അവർ പറഞ്ഞു.
കഴിഞ്ഞ മൂന്ന് വർഷത്തോളമായി രാഹുലിനെയും പ്രിയങ്കയെയും നേരിൽ കാണാനുള്ള അവസരത്തിനായി പരിശ്രമിച്ചെങ്കിലും എല്ലാം വിഫലമായിരുന്നു. ആരും ഇതുവരെ തന്റെ പ്രശ്നം എന്താണെന്ന് ചോദിക്കുക പോലും ചെയ്തില്ലെന്നും അവർ ആരോപിച്ചു. ഒരു ഓഫീസിൽ നിന്ന് മറ്റൊരു ഓഫീസിലേക്ക് മാറ്റി മാറ്റി തട്ടിക്കളിക്കുകയായിരുന്നുവെന്നും അവർ കുറ്റപ്പെടുത്തി. രാമക്ഷേത്ര ദർശനം നടത്തിയതിനാലാണ് ആരും തനിക്ക് വേണ്ടി സംസാരിക്കാൻ തയ്യാറാകാതിരുന്നതെന്ന് അറിഞ്ഞത് വളരെ വൈകിയാണെന്നും രാധിക കൂട്ടിച്ചേർത്തു.
ഏത് കോൺഗ്രസ് നേതാവിനോട് സംസാരിച്ചാലും മിണ്ടാതിരിക്കാൻ ആവശ്യപ്പെടുകയും പാർട്ടിയുമായി ഏകോപനമില്ലെന്ന് ആരോപിച്ച് വായമൂടി കെട്ടാൻ ശ്രമിക്കുകയായിരുന്നുവെന്നും അവർ ആരോപിച്ചു. തന്നെ അധിക്ഷേപിച്ച കോൺഗ്രസ് വക്താവ് സുശീൽ ആനന്ദിനെതിരെ മുൻ മുഖ്യമന്ത്രി ഭൂപേഷ് ബാഗേലിനോട് പറഞ്ഞപ്പോൾ സംസ്ഥാന വിടണമെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. സ്ത്രീകൾക്ക് പുല്ലുവില നൽകുന്ന പാർട്ടിയാണ് കോൺഗ്രസെന്നും അവർ ആരോപണം ഉന്നയിച്ചു. രാഹുലിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഭാരത് ന്യായ് യാത്രയ്‌ക്കിടെ സുശീൽ നിർബന്ധിച്ച് മദ്യം കുടിപ്പിക്കാൻ ശ്രമിച്ചെന്നായിരുന്നു ഗുരുതര വെളിപ്പെടുത്തലാണ് രാധിക ഇന്ന് നടത്തിയത്.
‘ന്യായ് യാത്ര’ എന്ന പേര് അന്വർത്ഥമാക്കും വിധത്തിലാണ് രാഹുൽ പ്രവർത്തിക്കുന്നത്. അദ്ദേഹത്തിന് ട്രാവൽ വ്ലോഗറാകാനാണ് താത്പര്യമെന്നും രാധിക ഖേര പരിഹസിച്ചു. ഞാനൊരു വനിതയാണ്, പൊരുതുമെന്നാണ് പ്രിയങ്ക പറയുന്നതെങ്കിലും വാസ്തവത്തിൽ സ്ത്രീയാണെങ്കിൽ നിങ്ങൾക്ക് അടി കിട്ടും എന്നതാണ് കോൺഗ്രസിന്റെ മുദ്രാവാക്യമെന്നും അവർ മാദ്ധ്യമങ്ങളോട് പറഞ്ഞു.















