ലക്നൗ: കോൺഗ്രസിനെയും സമാജ്‌വാദി പാർട്ടിയെയും വിമർശിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഇരുവരുടെയും ഡിഎൻഎയിൽ രാമ ദ്രോഹമുണ്ടെന്ന് അദ്ദേഹം വിമർശിച്ചു. ഛത്തീസ്ഗഡ് കോൺഗ്രസ് വക്താവ് രാധിക ഖേര രാജി വച്ചതിന് പിന്നാലെയാണ് യോഗി ആദിത്യനാഥിന്റെ പരാമർശം.
രാലല്ലയുടെ അനുഗ്രഹത്തിനായാണ് രാധിക ഖേര അയോദ്ധ്യയിലെത്തിയത്. എന്നാൽ വളരെ ക്രൂരമായി കോൺഗ്രസ് അവരെ അധിക്ഷേപിക്കുകയായിരുന്നു. അപമാനങ്ങൾ സഹിക്കാൻ വയ്യാതെയാണ് അവർ രാജി വച്ചതെന്നും യോഗി ആരോപിച്ചു. രാമനെ ദ്രേഹിക്കണമെന്നാണ് കോൺഗ്രസിന്റെയും സമാജ്‌വാദിയുടെയും ഇൻഡി സഖ്യത്തിന്റെയും ഉദ്ദേശമെന്നും അവരുടെ ഡിഎൻഎയിൽ രാമദ്രോഹം ഉൾപ്പെട്ടിരിക്കുന്നുവെന്നും മുഖ്യമന്ത്രി തുറന്നടിച്ചു.
കോൺഗ്രസിന്റെ കപടരൂപത്തെ കുറിച്ച് രാജ്യത്തെ പൗരന്മാർക്ക് കൃത്യമായ ധാരണയുണ്ടെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസ് കാട്ടിക്കൂട്ടുന്നതൊന്നും യാഥാർത്ഥ്യ അടിസ്ഥാനമാക്കിയല്ലെന്നും ജനങ്ങളെ നിരന്തരം കബളിപ്പിക്കാൻ ആഗ്രഹിക്കുന്നവരാണ് അവരെന്നും അദ്ദേഹം ആരോപിച്ചു. എന്നാൽ കോൺഗ്രസിന്റെ അടവുകൾ കണ്ട് ശീലിച്ച പൊതുജനത്തിനറിയാം, ഇവയൊക്കെ എങ്ങനെ കൈകാര്യം ചെയ്യണമെന്നും യോഗി കൂട്ടിച്ചേർത്തു.
ഇന്നലെയാണ് കോൺഗ്രസിന് തിരിച്ചടി നൽകി രാധിക ഖേര പാർട്ടി വിട്ടത്. രാമക്ഷേത്ര ദർശനം നടത്തിയതിനും സനാധനധർമ്മത്തിൽ അടിയുറച്ച് വിശ്വസിച്ചതിനും ഹൈന്ദവ മൂല്യങ്ങളെ മുറുകെ പിടിച്ചതിനും പാർട്ടിയിൽ നിന്ന് അധിക്ഷേപങ്ങൾ നേരിട്ടെന്നും അതിൽ മനം നൊന്താണ് രാജിയെന്നും അവർ തുറന്നടിച്ചിരുന്നു.