40-വർഷത്തെ അഭിനയ സപര്യയിൽ മോഹൻലാൽ സംവിധായകനായി അരങ്ങേറുന്ന ബാറോസിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. ഈ വർഷത്തെ ഓണം റിലീസായി ചിത്രം സെപ്റ്റംബർ 12ന് വെള്ളിത്തിരയിൽ വിസ്മയം തീർക്കാനെത്തും. ഹോളിവുഡ് സിനിമകളോട് കിടപിടിക്കുന്ന തരത്തിലുള്ള അവതരണവുമായി എത്തുന്ന ചിത്രം പൂർണമായും 3-ഡിയിലാണ് അണിയിച്ചൊരുക്കിയിരിക്കുന്നത്. കൊച്ചിയിലും ഗോവയിലുമായി 170 ദിവസമെടുത്താണ് സിനിമയുടെ ചിത്രീകരണം പൂർത്തിയാക്കിയത്. വിദേശ താരങ്ങളടക്കം വലിയൊരു ക്രൂവാണ് ചിത്രത്തിൽ അണിനിരക്കുന്നത്. പുതിയ പോസ്റ്റർ പങ്കുവച്ചുകൊണ്ടാണ് റിലീസ് തീയതി പ്രഖ്യാപിച്ചത്.
സംവിധാനത്തിനൊപ്പം ബറോസ് എന്ന ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നതും മോഹന്‍ലാല്‍ ആണ്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിർമിക്കുന്ന ചിത്രം ‘മൈ ഡിയര്‍ കുട്ടിച്ചാത്തന്റെ സംവിധായകൻ ജിജോയയുടെ കഥയെ അടിസ്ഥാനമാക്കിയാണ് അണിയിച്ചൊരുക്കിയത്.
ഫാന്റസി അഡ്വഞ്ചര്‍ പശ്ചാത്തലത്തിൽ എത്തുന്ന ചിത്രം കുട്ടികളെ ഏറെ ആകർഷിക്കുമെന്ന് നേരത്തെ തന്നെ മോഹൻലാൽ വ്യക്തമാക്കിയിരുന്നു. വാസ്‌കോ ഡ ഗാമയുടെ നിധി സൂക്ഷിപ്പുകാരനായ ബാറോസ് എന്ന ഭൂതത്താനായാണ് മോഹന്‍ലാല്‍ ചിത്രത്തിലെത്തുന്നതെന്നാണ് സൂചന. ആരാധകർക്ക് ഏറെ പ്രതീക്ഷയുള്ള ചിത്രം ഓണത്തിന് റിലീസ് ചെയ്യുന്നതും അവധിക്കാലം ലക്ഷ്യമിട്ടാണ്.