ബംഗ്ലാദേശ് വനിതകളെ തകർത്ത് തരിപ്പണമാക്കി ഇന്ത്യൻ വനിതകളുടെ വിജയഗാഥ. നാലാം ടി20യിൽ മഴനിയമ പ്രകാരം 56 റൺസിനാണ് ഇന്ത്യ ജയം സ്വന്തമാക്കിയത്. ഇതോടെ പരമ്പരയിൽ 4-0 ന് മുന്നിലെത്താനും ഇന്ത്യക്കായി. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 14 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 122 റൺസ് എടുത്ത് നിൽക്കെയാണ് മഴയെത്തിയത്. ഇതോടെ ഓവർ വെട്ടിച്ചുരുക്കി.
14 ഓവറിൽ ബംഗ്ലാദേശ് വനിതകൾക്ക് 124 റൺസ് വിജയലക്ഷ്യമായി പുനഃനിശ്ചയിച്ചു. മറുപടി ബാറ്റിംഗിനിറങ്ങി ബംഗ്ലാദേശ് ബാറ്റർമാരെ എല്ലാ മേഖലയിലും നിഷ്പ്രഭമാക്കിയാണ് ഇന്ത്യ ആധികാരിക വിജയം നേടിയത്. നിശ്ചിത ഓവറിൽ ഏഴുവിക്കറ്റ് നഷ്ടത്തിൽ 68 റൺസ് എടുക്കാനെ ബംഗ്ലാ വനിതകൾക്കായുള്ളു.
ബംഗ്ലാദേശ് നിരയിൽ ദിലാര അക്തെറാണ് (21) ടോപ് സ്കോറർ. റൂബ്യ ഹൈദർ(13), ഷൊരിഫ ഖാത്തൂൺ (11) എന്നിവരാണ് രണ്ടക്കം കടന്ന മറ്റു ബാറ്റർമാർ. സ്പിന്നർമാരാണ് ബംഗ്ലാദേശിന്റെ നട്ടെല്ല് തകർത്തത്. ദീപ്തി ശർമ്മ 13 റൺസ് വഴങ്ങി രണ്ടു വിക്കറ്റ് വീഴ്‌ത്തിയപ്പോൾ ഇന്ത്യക്കായി അരങ്ങേറിയ മലയാളി താരം ആശാ ശോഭന 18 റൺസ് വഴങ്ങി രണ്ടു വിക്കറ്റ് നേടി.
പൂജ വസ്ത്രാക്കറിനും രാധാ യാഥവിനും ഓരോ വിക്കറ്റ് വീതം ലഭിച്ചു. ഹർമൻ പ്രീത് സിംഗ് 39(26) ആണ് ഇന്ത്യയുടെ ടോപ് സ്കോറർ. ഡി.ഹേമലത (14 പന്തിൽ 22 റൺസ്). റിച്ചാ ഘോഷ് 24 (15), സ്മൃതി മന്ഥാന (22) എന്നിവരാണ് രണ്ടക്കം കടന്ന ബാറ്റർമാർ. സജന സജീവൻ ഒരു ബൗണ്ടറിയടക്കം എട്ടുറൺസ് നേടി പുറത്താകാതെ നിന്നു.