മലയാളി പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ടർബോ. ഹിറ്റ് ആവർത്തിക്കാൻ മമ്മൂട്ടി-വൈശാഖ് കൂട്ടുക്കെട്ട് വീണ്ടും എത്തുന്നതിന്റെ ആവേശത്തിലാണ് സിനിമാ പ്രേമികൾ. മിഥുൻ മാനുവൽ തോമസ് തിരക്കഥ ഒരുക്കുന്ന ചിത്രത്തിൽ തമിഴ്-തെലുങ്ക്-കന്നഡ-ഹിന്ദി ഇൻഡസ്ട്രിയിൽ നിന്നും വൻ താരനിരയാണ് അണിനിരക്കുന്നത്. ചിത്രത്തിന്റെ മറ്റൊരു അപ്ഡേറ്റാണ് ഇപ്പോൾ പുറത്തുവരുന്നത്. ജനപ്രീതിയുടെ വിലയിരുത്തലിൽ ഐഎംഡിബിയിലെ മോസ്റ്റ് ആന്റിസിപ്പേഡ് ഇന്ത്യൻ സിനിമയിൽ രണ്ടാം സ്ഥാനത്താണ് ടർബോ.
ചിത്രത്തിന്റെ ടീസർ അടുത്തിടെയാണ് പുറത്തിറങ്ങിയത്. കമൽഹാസൻ നായകനാവുന്ന ഇന്ത്യൻ 2-നെയും പിന്നിലാക്കിയാണ് ടർബോ ഈ നേട്ടം സ്വന്തമാക്കിയത്. പ്രഭാസിന്റെ കൽക്കി 2898 എഡിയാണ് ഒന്നാമതുള്ളത്. 23-നാണ് ചിത്രം തിയേറ്ററുകളിലെത്തുക.
-ജീപ്പ് ഡ്രൈവറായ ടർബോ ജോസ് എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. കന്നഡ താരം രാജ് ബി ഷെട്ടിയും മറ്റൊരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. മമ്മൂട്ടി കമ്പനി തന്നെ നിർമിക്കുന്ന ‘ടർബോ’യുടെ കേരളത്തിലെ വിതരണം ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസും ഓവർസീസ് പാർട്ണർ ട്രൂത്ത് ഗ്ലോബൽ ഫിലിംസും ചേർന്നാണ്.