പാരീസ്: ലോകത്തിലെ ഏറ്റവും നീളമേറിയ ബാഗെറ്റ് (ഫ്രഞ്ച് ബ്രെഡ്) നിർമ്മിച്ച് ഫ്രാൻസിലെ ഒരു സംഘം ബേക്കർമാർ. 461 അടി (140 .53 മീറ്റർ ) നീളത്തിലുള്ള ബ്രെഡ് നിർമ്മിച്ചാണ് ഇവർ ലോക റെക്കോർഡ് സ്വന്തമാക്കിയത്. പാരീസിൽ നടന്ന സുരേസ്‌നസ് ബാഗെറ്റ് ഷോയിലാണ് ഗിന്നസ് ബുക്കിൽ ഇടം നേടിയ ബ്രെഡ് നിർമ്മിച്ചത്.18 ബേക്കർമാർ അടങ്ങുന്ന സംഘമാണ് ബ്രെഡ് നിർമ്മാണത്തിന് പിന്നിൽ.
ഇതിനു മുൻപ് 2019 ൽ ഇറ്റലി 435 അടി (132 .62 മീറ്റർ ) നീളമുള്ള ബ്രെഡ് നിർമ്മിച്ചിരുന്നു. ഈ റെക്കോർഡാണ് ഫ്രാൻസ് തകർത്തിരിക്കുന്നത്. പ്രത്യേക നിയമങ്ങളും നിർദ്ദേശങ്ങളും പാലിച്ചാണ് ബ്രെഡ് നിർമ്മിച്ചിരിക്കുന്നത്. ഗിന്നസ് വേൾഡ് റെക്കോർഡിലേക്ക് യോഗ്യത നേടണമെങ്കിൽ ബ്രെഡിന് 5 സെന്റീമീറ്റർ വെറ്റിയെൺലൈമും വേണമെന്നും നിർദ്ദേശിച്ചിരുന്നു. മാവ്, വെള്ളം, യീസ്റ്റ്, ഉപ്പ് എന്നിവയാണ് ബ്രെഡിന്റെ പ്രധാന ചേരുവകൾ.
ഗിന്നസ് ബുക്ക് അധികൃതരുടെ ഔദ്യോഗിക പ്രഖ്യാപനത്തിന് ശേഷം ബ്രെഡ് ബേക്കർമാർ ചെറിയ കഷ്ണങ്ങളായി മുറിച്ച് പൊതു ജനങ്ങൾക്കും തെരുവിൽ കഴിയുന്നവർക്കും വിതരണം ചെയ്തു. ബ്രെഡ് നിർമ്മിക്കുന്നതിന്റെയും വിതരണം ചെയ്യുന്നതിന്റെയും ദൃശ്യങ്ങൾ സംഘാടകർ സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്.