ന്യൂഡൽഹി: അനധികൃതമായി സൂക്ഷിച്ചിരുന്ന ഒന്നരക്കോടി രൂപ പിടിച്ചെടുത്ത് ഇഡി. റാഞ്ചിയിലെ വിവിധ സ്ഥലങ്ങളിൽ നടത്തിയ പരിശോധനയിലാണ് തുക പിടികൂടിയത്. കഴിഞ്ഞ ദിവസം ജാർഖണ്ഡ് ഗ്രാമവികസന മന്ത്രിയുടെ പേഴ്‌സണൽ സെക്രട്ടറിയുടെയും വീട്ടുജോലിക്കാരന്റെയും വീട്ടിൽ നിന്ന് 32 കോടി രൂപ പിടിച്ചെടുത്തത് വലിയ വാർത്തയായിരുന്നു. സംഭവത്തിന് പിന്നാലെ പരിശോധന ശക്തമാക്കി. ഇതിനിടയിലാണ് ഇന്ന് വീണ്ടും പണം പിടിച്ചത്.
ജാർഖണ്ഡിലെ ഗ്രാമവികസന വകുപ്പുമായി ബന്ധപ്പെട്ട് നടന്ന ക്രമക്കേടുകളിൽ നടത്തിയ അന്വേഷണത്തിലാണ് പണം പിടിച്ചെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് അലാംഗീർ ആലത്തിന്റെ പേഴ്സണൽ സെക്രട്ടറി സഞ്ജീവ് ലാൽ, ഇയാളുടെ വീട്ടുജോലിക്കാരൻ ജഹാംഗീർ ആലം എന്നിവരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ജഹാംഗീറിന്റെ ഫ്‌ളാറ്റിലാണ് ഇഡി റെയ്ഡ് നടത്തിയത്.
എന്നാൽ പണം പിടിച്ചെടുത്തതുമായി തനിക്ക് ബന്ധമില്ലെന്നും, തന്റെ ഭാഗത്ത് നിന്ന് തെറ്റ് സംഭവിച്ചിട്ടില്ലെന്നുമായിരുന്നു അലാംഗീർ ആലത്തിന്റെ വാദം. ഇരുവരെയും അറസ്റ്റ് ചെയ്ത് 6 ദിവസത്തേക്ക് ഇഡി കസ്റ്റഡിയിൽ വാങ്ങി.
ഇന്നലെ റാഞ്ചിയിലെ ഒന്നിലധികം സ്ഥലങ്ങളിലാണ് ഒരേസമയം ഇഡി റെയ്ഡ് നടത്തിയത്. ഇതേ കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ വർഷം ഗ്രാമവികസന വകുപ്പിലെ മുൻ ചീഫ് എഞ്ചിനീയർ വീരേന്ദ്ര റാം അറസ്റ്റിലായിരുന്നു. ഇയാളുമായി ബന്ധമുള്ളവരുടെ വീടുകളും ഓഫീസുകളും കേന്ദ്രീകരിച്ചാണ് ഇന്നലെ പരിശോധന നടത്തിയത്. തെരഞ്ഞെടുപ്പ് സമയത്ത് ചെലവഴിക്കുന്നതിന് വേണ്ടി കോൺഗ്രസ് അഴിമതി നടത്തി ഉണ്ടാക്കിയ പണമാണ് ഇപ്പോൾ പിടിച്ചെടുത്തതെന്ന് ബിജെപി ആരോപിച്ചു.















