ലണ്ടൻ: പഞ്ചാബ് നാഷണൽ ബാങ്കിനെ കബളിപ്പിച്ച് കോടികൾ തട്ടി രാജ്യംവിട്ട നീരവ് മോദിയുടെ ജാമ്യാപേക്ഷ ലണ്ടനിലെ കോടതി വീണ്ടും തളളി. 2019 ൽ നീരവ് മോദിയുടെ ജാമ്യാപേക്ഷ തളളിയതിന് ശേഷം ഇത് ആദ്യമായിട്ടാണ് കോടതി വീണ്ടും ജാമ്യാപേക്ഷ പരിഗണിച്ചത്.
2018 ജനുവരിയിലാണ് നീരവ് മോദി ഇന്ത്യയിൽ നിന്ന് പുറത്തുകടന്നത്. ഇതിന് പിന്നാലെയാണ് തട്ടിപ്പിന്റെ വിവരം പുറത്തുവരുന്നത്. സാക്ഷികളെ സ്വാധീനിക്കാനും തെളിവുകൾ നശിപ്പിക്കാനും സാദ്ധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നേരത്തെ നീരവ് മോദിക്ക് ജാമ്യം നിഷേധിച്ചത്.
ഇതേ സാഹചര്യങ്ങൾ ഇപ്പോഴും നിലനിൽക്കുന്നുണ്ടെന്ന് പുതിയ ജാമ്യാപേക്ഷ പരിഗണിച്ച ജഡ്ജി ജോൺ സാനി ചൂണ്ടിക്കാട്ടി. ജാമ്യം ലഭിച്ചാൽ കോടതിയിൽ ഹാജരാകുന്നതിൽ പോലും പ്രതി വീഴ്ച വരുത്താൻ സാദ്ധ്യതയുണ്ടെന്ന് ജഡ്ജി ചൂണ്ടിക്കാട്ടി. വഞ്ചനാക്കുറ്റമാണ് പ്രതിക്കെതിരെ ഉളളതെന്നും അതുകൊണ്ടു തന്നെ ജാമ്യം അനുവദിക്കാനാകില്ലെന്നും പറഞ്ഞാണ് ജാമ്യാപേക്ഷ തളളുകയാണെന്ന് കോടതി വ്യക്തമാക്കിയത്.
സിബിഐയുടെയും ഇഡിയുടെയും പ്രത്യേക സംഘവും കോടതിയിൽ വാദം കേൾക്കാൻ എത്തിയിരുന്നുവെന്നാണ് അടുത്ത വൃത്തങ്ങൾ നൽകുന്ന വിവരം. ഇന്ത്യയിലേക്ക് നാടുകടത്താൻ അനുമതി നൽകിയ കോടതി ഉത്തരവിനെതിരെ നീരവ് മോദി നൽകിയ ഹർജി യുകെ ഹൈക്കോടതിയും 2022 ൽ തളളിയിരുന്നു. സുപ്രീംകോടതിയെ സമീപിക്കാനുളള അനുമതിയും കോടതി നിഷേധിച്ചിരുന്നു.
ലണ്ടൻ നഗരത്തിന് പുറത്തുളള വാണ്ട്‌സ് വർത്ത് ജയിലിലാണ് നീരവ് മോദിയെ പാർപ്പിച്ചിട്ടുളളത്. ഇന്ത്യയുടെ അപേക്ഷയെ തുടർന്ന് 2019 മാർച്ച് 19 നാണ് അറസ്റ്റ് ചെയ്തത്.















