തിരുവനന്തപുരം: സംസ്ഥാനത്ത് മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. അർദ്ധരാത്രി മുതൽ ഒറ്റപ്പെട്ടയിടങ്ങളിൽ മഴ ലഭിക്കാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്റെ പ്രവചനം. ഈ മാസം 15-ന് ശേഷം മൺസൂൺ കാലമായിരിക്കുമെന്നും അധികൃതർ വ്യക്തമാക്കി.
ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയ മഴയ്ക്കാണ് സാധ്യതയുള്ളത്. നാളെ വൈകുന്നേരം മുതൽ വടക്കൻ കേരളത്തിൽ കൂടുതൽ ഇടങ്ങളിൽ ശക്തമായ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. മദ്ധ്യ-തെക്കൻ കേരളത്തിൽ ഒറ്റപ്പെട്ട ഇടങ്ങളിൽ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
നാളെ ഇടുക്കി, മലപ്പുറം ജില്ലകളിലും മെയ് 11-ന് പത്തനംതിട്ടയിലും യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മൺസൂൺ ആരംഭിക്കുന്ന സാഹചര്യത്തിൽ 15-ന് ശേഷം അറബിക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
ചുട്ടുപൊള്ളുന്ന ഈ കാലാവസ്ഥയിൽ ആശ്വാസമായിരിക്കും ഈ മഴ. നിലവിൽ പാലക്കാടാണ് ഏറ്റവും കൂടുതൽ താപനില അനുഭവപ്പെടുന്നത്. ആലപ്പുഴയിലും കോഴിക്കോടും രാത്രികാലങ്ങളിലുണ്ടാകുന്ന താപനിലയിലും വൻ വർദ്ധനയുണ്ട്. ഉച്ചസമയത്തെ താപനിലയിലും ദിനംപ്രതി ചൂട് വർദ്ധിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്.