പഴങ്ങളുടെ രാജാവ് എന്നാണ് മാമ്പഴം അറിയപ്പെടുന്നത്. നിറവും ഭംഗിയും കണ്ട് മാർക്കറ്റിൽ നിന്ന് വാങ്ങുന്ന മാമ്പഴത്തിന് പിന്നിൽ ഒളിഞ്ഞിരിക്കുന്ന ദോഷങ്ങൾ പലരും ഗൗനിക്കാറില്ല. വേഗത്തിൽ പാകമാകാൻ അനേകം കെമിക്കലുകൾ മാമ്പഴത്തിൽ ചേർക്കാറുണ്ട്. ഇങ്ങനെ ഉപയോഗിക്കുന്ന പല രാസവസ്തുക്കളും ആരോഗ്യത്തിന് വളരെയധികം ദോഷകരമാണ്. വിട്ടുമാറാത്ത പല അസുഖങ്ങളും പിടിപെടാറുമുണ്ട്. എന്നാൽ എളുപ്പം പാകമാകുന്നതിനായി രാസ വസ്തുക്കൾ ചേർത്തോ എന്നറിയാൻ അറിയാൻ പല മാർഗങ്ങളും പരിശോധിക്കാവുന്നതാണ്. അവ ഏതൊക്കെയെന്ന് നോക്കാം.
വെള്ളത്തിൽ ഇടുക
രാസവസ്തുക്കൾ അടങ്ങിയിട്ടുണ്ടോ എന്നറിയാൻ മാമ്പഴം വെള്ളത്തിലിട്ട് പരിശോധിക്കാവുന്നതാണ്. കൃത്രിമമായി പഴുപ്പിച്ചതാണെങ്കിൽ മാമ്പഴം വെള്ളത്തിന് മുകളിൽ പൊങ്ങിക്കിടക്കും. ഇത് പരീക്ഷിച്ചതിന് ശേഷം മാത്രം കഴിക്കാൻ ശ്രദ്ധിക്കണം.
മാമ്പഴത്തിന്റെ നിറം പരിശോധിക്കുക
മാമ്പഴം ശുദ്ധമാണോ എന്ന് അറിയുന്നതിനായി മാമ്പഴത്തിന്റെ പുറം തൊലി പരിശോധിക്കാവുന്നതാണ്. സ്വാഭാവികമായി പാകപ്പെട്ട മാമ്പഴങ്ങൾക്ക് മഞ്ഞയോ ഓറഞ്ചോ നിറമാണ് കാണപ്പെടുന്നത്. എന്നാൽ കൃത്രിമമായി പഴുപ്പിച്ചെടുക്കുന്ന മാമ്പഴങ്ങൾക്ക് തൊലിയിൽ തിളക്കം കാണപ്പെടുന്നു. രാസവസ്തുക്കൾ അടങ്ങിയിട്ടുള്ളതിനാലാണ് അത്തരം മാമ്പഴങ്ങളിൽ തിളക്കമുണ്ടാകുന്നത്. നിറത്തിൽ ചെറിയ മങ്ങലുകൾ ഉള്ളവയാണെങ്കിൽ പരിശുദ്ധമാണെന്നാണ് അർത്ഥം.
മണം പരിശോധിക്കുക
പ്രകൃത്തിദത്തമായി പാകമാകുന്ന മാമ്പഴങ്ങൾക്ക് സ്വഭാവികമായ മണമുണ്ടാകും. ഇത് ശുദ്ധമാണോ അല്ലയോ എന്ന് തിരിച്ചറിയാൻ നമ്മെ സഹായിക്കുന്നു. എന്നാൽ മണമില്ലെങ്കിൽ രാസവസ്തുക്കൾ കലർത്തിയെന്ന് മനസിലാക്കാം.
മാമ്പഴത്തിൽ അമർത്തി നോക്കുക
മാമ്പഴം കഴിക്കുന്നതിന് മുമ്പായി ചെറുതായി അമർത്തി നോക്കുക. രാസപ്രയോഗമുണ്ടെങ്കിൽ മാമ്പഴത്തിൽ ദൃഢതയുണ്ടാകില്ല. എന്നാൽ പ്രകൃതിദത്തമായി പാകപ്പെട്ട മാമ്പഴത്തിൽ ദൃഢതയുണ്ടായിരിക്കും.
മാമ്പഴം ജ്യൂസാക്കുക
മാമ്പഴം ജ്യൂസാക്കി മാറ്റുകയാണെങ്കിൽ അതിന്റെ ഗുണനിലവാരം മനസിലാക്കാൻ സാധിക്കും. മാമ്പഴത്തിലെ നീരിന്റെ അളവ് കുറവാണെങ്കിൽ അതിനർത്ഥം കെമിക്കൽ വസ്തുക്കൾ അടങ്ങിയിട്ടുണ്ടെന്നാണ്. മാമ്പഴത്തിന്റെ ഗുണനിലവാരം പരിശോധിക്കുന്നതിനുള്ള ഉത്തമ മാർഗമാണിത്.