ന്യൂഡൽഹി: ഇന്ത്യൻ സന്ദർശനത്തിന് മാലദ്വീപ് വിദേശകാര്യ മന്ത്രി മൂസ സമീർ. നാളെ ഡൽഹിയിലെത്തുന്ന അദ്ദേഹം വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കറുമായി കൂടിക്കാഴ്ച നടത്തും. ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം ആടിയുലയുന്ന സമയത്താണ് സന്ദർശനമെന്നത് ശ്രദ്ധേയമാണ്.
അധികാരമേറ്റ ശേഷം വിദേശകാര്യ മന്ത്രി സമീറിന്റെ ഇന്ത്യയിലേക്കുള്ള ആദ്യ ഔദ്യോഗിക സന്ദർശനമാണ്. ഇരുവരും പ്രാദേശിക, ഉഭയകക്ഷി തലങ്ങളിൽ ചർച്ചകൾ സംഘടിപ്പിക്കും. ഇന്ത്യയുടെ പ്രധാന സമുദ്ര അയൽരാജ്യമാണ് മാലദ്വീപ്. വിദേശകാര്യ മന്ത്രിയുടെ സന്ദർശനം ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി സഹകരണത്തിന് കൂടുതൽ ആക്കം കൂട്ടുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
മാലദ്വീപിലെ ജനങ്ങൾക്ക് മാനുഷ്യ സഹായങ്ങളും ഒഴിപ്പിക്കൽ സേവനങ്ങളും ചെയ്തിരുന്നത് ഇന്ത്യയായിരുന്നു. ഏകദേശം 80-ലധികം സൈനികരെയാണ് ഇതിനായി നിയോഗിച്ചിരുന്നത്. എന്നാൽ ചൈനീസ് അനുകൂല പ്രസിഡന്റ് മുഹമ്മദ് മുയിസുവിന്റെ ധാർഷ്ട്യത്തിന്റെ ഫലമായി ഇന്ത്യ ഇവരെ പിൻവലിക്കാൻ ദിവസങ്ങൾ ശേഷിക്കേയാണ് മന്ത്രിയുടെ ഇന്ത്യൻ സന്ദർശനം.
മുയിസുവിന്റെ ഇന്ത്യാ വിരുദ്ധ നിലപാടുകളും ആരോഗ്യ സംരക്ഷണം മുതൽ പ്രതിരോധ സഹകരണം വരെയുള്ള മേഖലകളിൽ ഇന്ത്യയെ ആശ്രയിക്കുന്നത് കുറച്ചതും മാലദ്വീപിന് വൻ തിരിച്ചടിയാണ് നൽകിയിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ലക്ഷദ്വീപ് സന്ദർശിച്ചതിന് പിന്നാലെ മാലദ്വീപ് മന്ത്രിമാർ ഭാരതത്തെയും പ്രധാനമന്ത്രിയെയു അധിക്ഷേപിച്ചത് വ്യാപക വിമർശനങ്ങൾക്കാണ് വഴിവച്ചത്.
ഇതിന് പിന്നാലെ ബോയ്കോട്ട് മാലദ്വീപ് പ്രതിഷേധം മാലദ്വീപിന്റെ ടൂറിസം മേഖലയ്‌ക്കേറ്റ തിരിച്ചടിയായിരുന്നു. മാലദ്വീപിലെത്തുന്ന വിദേശ സഞ്ചാരികളിൽ രണ്ടാം സ്ഥാനത്തുണ്ടായിരുന്ന ഇന്ത്യ കേവലം ഒരു മാസം കൊണ്ട് അഞ്ചാം സ്ഥാനത്തേക്ക് കൂപ്പുകുത്തി. ഇതോടെ മാലദ്വീപിന്റെ സമ്പദ്വ്യവസ്ഥയും ആടിയുലഞ്ഞു. ഇതിന് പിന്നാലെ ഇന്ത്യൻ സന്ദർശകർ മാലദ്വീപ് സന്ദർശിക്കണമെന്നും കാര്യമായി സംഭാവന ചെയ്യണമെന്നും അപേക്ഷിച്ച് മാലദ്വീപ് ടൂറിസം മന്ത്രി തന്നെ രംഗത്തെത്തിയിരുന്നു.















