തിരുവനന്തപുരം: ആലപ്പുഴ ജില്ലയിൽ ഉഷ്ണതരംഗ മുന്നറിയിപ്പ്. ഇടുക്കി, വയനാട് ജില്ല ഒഴികെ സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ് പ്രഖ്യാപിച്ചു. അതേസമയം ഇന്ന് ഇടുക്കി, മലപ്പുറം ജില്ലകളിൽ വേനൽ മഴയ്ക്കും സാധ്യതയുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്.
കള്ളക്കടൽ പ്രതിഭാസത്തിൻറെ ഭാഗമായി കേരള തീരത്ത് ഇന്ന് രാവിലെ 11.30 മുതൽ രാത്രി 11.30 വരെ 0.5 മുതൽ 1.4 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കാൻ നിർദ്ദേശമുണ്ട്.
ചൂടേറുന്ന സാഹചര്യത്തിൽ ജാഗ്രത പുലർത്തണമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. ശരീരത്തിൽ നേരിട്ട് വെയിലേൽക്കുന്ന എല്ലാതരം പുറം ജോലികളും, കായിക വിനോദങ്ങളും, മറ്റ് പ്രവർത്തനങ്ങളും പൂർണ്ണമായും നിർത്തി വെക്കുക, കിടപ്പ് രോഗികൾ, പ്രായമായവർ, ഗർഭിണികൾ, കുട്ടികൾ, ഭിന്നശേഷിക്കാർ, മറ്റ് രോഗങ്ങൾ മൂലമുള്ള അവശത അനുഭവിക്കുന്നവർ തുടങ്ങിയ വിഭാഗങ്ങൾക്ക് പ്രത്യേക കരുതൽ ഉറപ്പാക്കണം എന്ന് തുടങ്ങിയ നിർദ്ദേശങ്ങളാണ് നൽകിയിരിക്കുന്നത്.