ബെംഗളൂരു: കുരുമുളക് സ്പ്രേ അപകടകരമായ ആയുധമാണെന്നും ജീവന് അപകടമോ ഭീഷണിയോ ഉണ്ടാകാത്ത സാഹചര്യത്തിൽ സ്വകാര്യ പ്രതിരോധത്തിന് ഉപയോഗിക്കാൻ കഴിയില്ലെന്നും കർണാടക ഹൈക്കോടതി.
സ്വകാര്യ കമ്പനി ഉടമസ്ഥരായ ഗണേശ് നാരായണൻ, ഭാര്യ വിദ്യ നടരാജ് എന്നിവർക്കെതിരെ ക്രിമിനൽ നടപടികൾ റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജി തള്ളിക്കൊണ്ടാണ് ജസ്റ്റിസ് എം. നാഗപ്രസന്ന ഈ നിരീക്ഷണം നടത്തിയത്. വസ്തു തർക്കവുമായി ബന്ധപ്പെട്ട് തനിക്കെതിരെ കുരുമുളക് സ്പ്രേ ഉപയോഗിച്ചെന്ന് ചൂണ്ടിക്കാട്ടി കമ്പനിയിലെ ജീവനക്കാരൻ രാജ്ദീപ് ദാസ് നൽകിയ പരാതിയിലാണ് ഇരുവർക്കെതിരെ കേസെടുത്തത്.
2023 ഏപ്രിൽ 30-ന് കൊമേഴ്സ്യൽ സ്ട്രീറ്റ് പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. പിന്നീട് തങ്ങൾക്കെതിരായ ക്രിമിനൽ നടപടികൾ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ദമ്പതിമാർ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. പ്രതിരോധത്തിനു വേണ്ടിയാണ് കുരുമുളക് സ്പ്രേ ഉപയോഗിക്കാൻ നിർബന്ധിതരായതെന്ന് പരാതിക്കാരുടെ അഭിഭാഷകൻ വാദിച്ചു.
എന്നാൽ സ്വകാര്യ പ്രതിരോധത്തിനുള്ള അവകാശം ദമ്പതിമാർ ദുരുപയോഗം ചെയ്തെന്നും പരാതിക്കാരുടെ ജീവന് യാതൊരുവിധ ഭീഷണിയോ അപകമോ ഇല്ലായിരുന്നുവെന്നും രാജ്ദീപ് ദാസിന്റെ അഭിഭാഷകൻ വാദിച്ചു. കുരുമുളക് സ്പ്രേ പോലുള്ള വിനാശകരമായ രാസവസ്തുക്കൾ അപകടകരമായ ആയുധങ്ങളാണെന്ന് യുഎസിലെ കോടതി വിധിച്ച കാര്യവും ചൂണ്ടിക്കാട്ടിയാണ് കേസ് റദ്ദാക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കിയത്.















