ഇന്ത്യ ഉൾപ്പടെയുള്ള രാജ്യങ്ങളിൽ നിന്നുള്ള സഞ്ചാരികൾക്ക് സൗജന്യവിസ നൽകുന്നത് തുടരുമെന്ന് ശ്രീലങ്ക. മേയ് 31-വരെ ഈ ആനുകൂല്യം തുടരുമെന്ന് ശ്രീലങ്കൻ സർക്കാർ അറിയിച്ചു. വിനോദസഞ്ചാര മേഖലയെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ചൈന, ജപ്പാൻ, മലേഷ്യ, തായ്ലൻഡ്, ഇന്തോനേഷ്യ എന്നീ രാജ്യക്കാർക്കാണ് സൗജന്യ വിസ നൽകുന്നത്. 30 ദിവസത്തെ കാലാവധിയാണ് വിസയ്‌ക്കുള്ളത്.
ഈ രാജ്യത്തിന് പുറത്തുള്ള സഞ്ചാരികൾ 30 ദിവസത്തെ വിസയ്‌ക്ക് 50 ഡോളർ ഈടാക്കും. വിസ സേവനം നൽകുന്ന വിദേശ കമ്പനികൾക്ക് നൽകുന്ന സേവനങ്ങളുടെ ചെലവ് ഉൾപ്പടെ ഇത് 100 ഡോളർ കവിയും. കഴിഞ്ഞ വർഷമാണ് പരീക്ഷാണാടിസ്ഥാനത്തിൽ വിസരഹിത പ്രവേശനം പ്രഖ്യാപിച്ചത്. 2024 മാർച്ച് 31 വരെയായിരുന്നു ഇതിന്റെ കാലാവധി. എന്നാൽ ഇന്ത്യയുൾപ്പടെയുള്ള രാജ്യങ്ങളിൽ നിന്ന് വിനോദ സഞ്ചാരികളുടെ എണ്ണത്തിൽ ഗണ്യമായ വർദ്ധനവ് രേഖപ്പെടുത്തിയതോടെയാണ് വിസരഹിത പ്രവേശനം നീട്ടുന്നതായി ശ്രീലങ്ക അറിയിച്ചത്.
സാധുവായ പാസ്പോർട്ട്, വിസാ അപേക്ഷയും ഫീസ് അടച്ച രസീത്, റിട്ടേൺ ടിക്കറ്റ്, താമസത്തിനായി ബുക്ക് ചെയ്തതിന്റെ തെളിവ്, യെല്ലോ ഫീവർ വാക്സിനേൻ സർട്ടിഫിക്കറ്റ്, ശ്രീലങ്കയിൽ സന്ദർശിക്കാൻ പദ്ധതിയിടുന്ന സ്ഥലങ്ങളുടെയും യാത്രയുടെയും വിശദ വിവരങ്ങൾ എന്നിവയാണ് ശ്രീലങ്കൻ വിസയ്‌ക്കായി ആവശ്യമുള്ളത്.