തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി കോളേജിലെ രണ്ടാം വർഷ വിദ്യാർത്ഥി സിദ്ധാർത്ഥിന്റെ മരണത്തിൽ വ്യക്തത വരുത്താൻ അന്വേഷണം ഊർജിതമാക്കി സിബിഐ. ഡൽഹിയിലെ എയിംസിൽ നിന്ന് ഇതിനായി വിദഗ്ധരുടെ ഉപദേശം സിബിഐ തേടിയിട്ടുണ്ട്. അന്വേഷണത്തെ സഹായിക്കാൻ മെഡിക്കൽ ബോർഡ് രൂപീകരിക്കണമെന്നും സിബിഐ ആവശ്യപ്പെട്ടു.
സിദ്ധാർത്ഥിന്റെ മൃതദേഹം കണ്ടെത്തിയ ശുചിമുറിയുടെ വാതിൽ പൊട്ടിയ നിലയിലായിരുന്നുവെന്ന് സിബിഐ കണ്ടെത്തിയിരുന്നു. ഇതിനൊപ്പം സിദ്ധാർത്ഥിന്റെ പോസ്റ്റുമോർട്ടം റിപ്പോർട്ട്, ഡമ്മി പരീക്ഷണത്തിൽ കണ്ടെത്തിയ തെളിവുകൾ, ഫൊറൻസിക് സർജന്റെ റിപ്പോർട്ട് തുടങ്ങിയവയുടെ പകർപ്പും സിബിഐ എയിംസിലേക്ക് അയച്ചിട്ടുണ്ട്.
ക്രൂരമായ ആൾക്കൂട്ട വിചാരണയ്‌ക്കാണ് സിദ്ധാർത്ഥ് വിധേയനായതെന്ന് കുറ്റപത്രത്തിൽ പറയുന്നു. രണ്ട് ദിവസത്തോളം അടിവസ്ത്രം മാത്രം ധരിപ്പിച്ച് ഇരുമ്പ് ദണ്ഡ് ഉൾപ്പെടെയുള്ളവ ഉപയോഗിച്ച് മർദ്ദിച്ചെന്നും സിദ്ധാർത്ഥിന് വൈദ്യ സഹായം നിഷേധിച്ചെന്നും റിപ്പോർട്ടിൽ പറയുന്നു. വിദഗ്‌ധോപദേശം ലഭിച്ച ശേഷം കേസിൽ മറ്റു നടപടികൾ സ്വീകരിക്കും.















