തിരുവനന്തപുരം: എസ്എസ്എൽസി പരീക്ഷാ ഫലം പ്രഖ്യാപിച്ചു. 2023-24 വര്‍ഷത്തെ എസ്എസ്എല്‍സി, ടിഎച്ച്എസ്എല്‍സി, എഎച്ച്എസ്എല്‍സി പരീക്ഷാ ഫലങ്ങളാണ് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പ്രഖ്യാപിച്ചത്. 99.69 ശതമാനമാണ് ഈ വർഷത്തെ വിജയം. കഴിഞ്ഞ വർഷത്തെക്കാൾ വിജയശതമാനത്തിൽ നേരിയ കുറവാണുള്ളത്. എല്ലാ വിഷയത്തിലും എ പ്ലസ് കിട്ടിയവരുടെ എണ്ണവും വർദ്ധിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷത്തേക്കാൾ 3,200ലധികം പേർക്കാണ് മുഴുവൻ വിഷയങ്ങളിലും എ പ്ലസ് കിട്ടിയത്.
എറ്റവും കൂടുതൽ വിജയശതമാനം കോട്ടയത്താണ് (99. 92%) വിജയം ശതമാനം ഏറ്റവും കുറവ് തിരുവനന്തപുരത്ത് (99.08%). 71, 831 വിദ്യാർത്ഥികളാണ് എല്ലാ വിഷയത്തിലും എ പ്ലസ് നേടിയത്. 4,25,563 വിദ്യാർത്ഥികൾ ഉപരിപഠനത്തിന് അർഹത നേടി. https://pareekshabhavan.kerala.gov.in, www.prd.kerala.gov.in, https://sslcexam.kerala.gov.in, www.results.kite.kerala.gov.in എന്നീ വെബ്‌സൈറ്റുകളിലൂടെ ഫലം അറിയാം.
2,995 കേന്ദ്രങ്ങളിലും ലക്ഷദ്വീപിലെ ഒമ്പത് കേന്ദ്രങ്ങളിലും ഗൾഫ് മേഖലയിലെ ഏഴ് കേന്ദ്രങ്ങളിലുമായി 4,27,105 വിദ്യാർത്ഥികളാണ് ഇത്തവണ എസ്എസ്എൽസി പരീക്ഷ എഴുതിയത്. മലപ്പുറം റവന്യു ജില്ലയിലെ മലപ്പുറം വിദ്യാഭ്യാസ ജില്ലയിലാണ് ഏറ്റവും കൂടുതൽ പേർ പരീക്ഷ എഴുതിയത്. ഏറ്റവും കുറവ് വിദ്യാർത്ഥികൾ പരീക്ഷ എഴുതിയത് ആലപ്പുഴ റവന്യു ജില്ലയിലെ കുട്ടനാട് വിദ്യാഭ്യാസ ജില്ലയിലാണ്.