ലക്നൗ: സമാജ്‌വാദി പാർട്ടി നേതാവ് നഗ്ന ഫോട്ടോ കാണിച്ച് ഭീഷണിപ്പെടുത്ത് പണം തട്ടിയതായി മുൻ എംഎൽഎയുടെ മകളുടെ പരാതി. സമാജ്‌വാദി യുവജനസഭ സംസ്ഥാന സെക്രട്ടറി ആസിഫ് അലിക്കെതിരെയാണ് പരാതി. സ്വകാര്യ ചിത്രങ്ങൾ ഉപയോഗിച്ച് അഞ്ച് വർഷത്തോളം ബ്ലാക്ക് മെയിൽ ചെയ്ത് മൂന്ന് കോടി രൂപ തട്ടിയെടുത്തതായി കാണിച്ച് യുവതി പൊലീസിൽ പരാതി നൽകി. ഉത്തർപ്രദേശിലെ മൊറാദാബാദ് സിവിൽ ലൈൻസ് പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
യുവതിയുടെ മുത്തച്ഛൻ നെഹ്‌റുവിന്റെ സർക്കാരിന്റെ കാലത്ത് പാർലമെൻ് അംഗമായിരുന്നു. യുവതിയുടെ പിതാവ് രണ്ടുതവണ എംഎൽഎയായി പ്രവർത്തിച്ചിട്ടുണ്ട്. 2023ലാണ് പിതാവ് മരിച്ചത്.
2019ൽ രോഗബാധിതനായ പിതാവിനെ പരിചരിക്കുന്നതിനായി മൊറാദാബാദിൽ എത്തിയപ്പോഴാണ് യുവതി പീഡനത്തിന് ഇരയായത്. ശീതളപാനിയത്തിൽ ലഹരി കലർത്തിയായിരുന്നു പീഡനം. അബോധാവസ്ഥയിലായിരുന്ന യുവതിയുടെ ചിത്രങ്ങളും പ്രതികൾ പകർത്തി. വിവരം പുറത്തറിച്ചാൽ ഫോട്ടോ സോഷ്യൽ മീഡിയയിൽ വൈറലാക്കുമെന്ന് പ്രതികൾ ഭീഷണിപ്പെടുത്തിയതായും വിവിധ രേഖകളിൽ ഒപ്പിട്ട് വാങ്ങിയതായും യുവതി പറയുന്നു. പിതാവിൽ നിന്ന് പാരമ്പര്യമായി ലഭിച്ച ഒരു പെട്രോൾ പമ്പും ഏഴുതി നൽകണമെന്ന് നിർബന്ധിച്ചതോടെയാണ് ഭർത്താവിന്റെ സഹായത്തോടെ യുവതി പൊലീസിനെ സമീപിച്ചത്. കാൺപൂരിൽ ബിസിനസുകാരനാണ് യുവതിയുടെ ഭർത്താവ്.
പ്രതി ഇതിനകം മൂന്ന് കോടി രൂപയുടെ വസ്തുവകകളാണ് യുവതിയിൽ നിന്ന് തട്ടിയെടുത്തത്. ഇരയുടെ പരാതിയിൽ പ്രതിക്കും സഹോദരനുമടക്കം നാല് പേർക്കെതിരെ പോലീസ് കേസെടുത്തു. പ്രതിയുടെ ഭാര്യയ്‌ക്കും ഗുഢാലോചനയിൽ പങ്കുള്ളതായാണ് വിവരം.















