സംവിധായകനും ഛായാഗ്രാഹകനുമായ സംഗീത് ശിവൻ അന്തരിച്ചു. മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് ജീവിതാന്ത്യം. യോദ്ധ, ഗാന്ധർവ്വം അടക്കം ശ്രദ്ധേയമായ ചിത്രങ്ങളുടെ സംവിധായകനും പ്രമുഖ സിനിമകളുടെ ഛായാഗ്രാഹകനുമായിരുന്നു. സംവിധായകനും ഛായാഗ്രാഹകനുമായ സന്തോഷ് ശിവനും സംവിധായകൻ സഞ്ജീവ് ശിവനും സഹോദരങ്ങളാണ്. പ്രമുഖ ഫോട്ടോ ഗ്രാഫർ ശിവൻ ആണ് പിതാവ്.
രോമാഞ്ചം എന്ന സിനിമയുടെ ഹിന്ദി പതിപ്പിപ്പായ കപ് കപി പുറത്തിറങ്ങാനിരിക്കെയാണ് വിയോഗം. യോദ്ധയുടെ രണ്ടാം ഭാഗം ചെയ്യാനുള്ള ആഗ്രഹം അവശേഷിപ്പിച്ചാണ് അതുല്യ കലാകാരൻ വിസ്മൃതിയിലാണ്ടത്. വ്യൂഹം, യോദ്ധ, ഡാഡി,ഗാന്ധർവ്വം, ജോണി, സ്നേഹ പൂർവ്വം അന്ന, നിർണയം, ഇഡിയറ്റ്സ്, ഈ എന്നിവയാണ് സംവിധാനം നിർവഹിച്ച മലയാളം സിനിമകൾ.
ജോണിക്ക് മികച്ച കുട്ടികളുടെ ചിത്രത്തിനുള്ള സംസ്ഥാന പുരസ്കാരവും നേടിയിരുന്നു. വ്യൂഹം എന്ന ചിത്രം സംവിധാനം ചെയ്തുകൊണ്ടാണ് മലയാളത്തിൽ അരങ്ങേറുന്നത്. സണ്ണി ഡിയോളിനെ നായകനാക്കി ആദ്യ ബോളിവുഡ് ചിത്രമായ സോർ സംവിധാനം ചെയ്തു.സന്ധ്യ, ചുരാലിയാ ഹേ തുംനേ, ക്യാ കൂൾ ഹേ തും, അപ്ന സപ്ന മണി മണി, ഏക്–ദ് പവർ ഓഫ് വൺ, ക്ലിക്ക്, യാംല പഗ്ല ദീവാന എന്നീ ചിത്രങ്ങളും സംവിധാനം ചെയ്തു.