ഗുവാഹട്ടി: അസമിൽ കോൺഗ്രസിന്റെ ഔദ്യോഗിക എക്‌സ് അക്കൗണ്ട് ഹാക്ക് ചെയ്തു. ഇന്നലെയാണ് അക്കൗണ്ട് ഹാക്ക് ചെയ്തത്. ഇലോൺ മസ്‌കിന്റെ ഇലക്ട്രിക് കാർ നിർമാണ കമ്പനിയായ ടെസ്ലയുടെ ലോഗോയാണ് പ്രൊഫൈൽ ചിത്രമായി ഇട്ടിരിക്കുന്നത്.
ടെസ്ല ഇവന്റ് എന്ന പേരിൽ പ്രൊഫൈൽ പേരും മാറ്റിയിട്ടുണ്ട്. എന്നാൽ മല്ലികാർജ്ജുൻ ഖാർഗെയുടെയും രാഹുലിന്റെയും കവർ ചിത്രം മാറ്റിയിട്ടില്ല. രാജ്യം തെരഞ്ഞെടുപ്പ് ചൂടിൽ നിൽക്കുമ്പോൾ സംസ്ഥാന ഘടകത്തിന്റെ സമൂഹമാദ്ധ്യമ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടത് പാർട്ടിക്ക് ക്ഷീണമായി.
സംഭവത്തിൽ പൊലീസിൽ പരാതി നൽകിയതായി അസം കോൺഗ്രസ് ഘടകം അറിയിച്ചു. ഹാക്ക് ചെയ്യപ്പെട്ടുവെന്നും അക്കൗണ്ടിന്റെ നിയന്ത്രണം തിരിച്ചുപിടിച്ചുകൊണ്ടിരിക്കുകയാണെന്നും കോൺഗ്രസ് നേതൃത്വം ഔദ്യോഗികമായി വിശദീകരിച്ചു.
എന്നാൽ പിന്നിൽ ഫാസിസ്റ്റ് സർക്കാരാണെന്ന വിചിത്രമായ ആരോപണവും കോൺഗ്രസ് ഉന്നയിച്ചു. നിശബ്ദരാക്കാനുളള ഫാസിസ്റ്റ് സർക്കാരിന്റെ നീക്കം ഞങ്ങളെ പിന്തിരിപ്പിക്കില്ലെന്ന് ആയിരുന്നു പ്രതികരണം. ഹാക്ക് ചെയ്യപ്പെട്ട അക്കൗണ്ടിൽ നിന്നു തന്നെയാണ് ഇക്കാര്യം പോസ്റ്റ് ചെയ്തത്.
പൂർണ സുരക്ഷ ഉറപ്പുവരുത്തിയ ശേഷം അക്കൗണ്ട് പഴയതുപോലെ സജീവമാക്കുമെന്നും പാർട്ടി നേതൃത്വം വ്യക്തമാക്കി.