ന്യൂഡൽഹി: മെഡിക്കൽ അവധിയെടുത്ത് മിന്നൽ പണിമുടക്ക് നടത്തിയ ജീവനക്കാർക്കെതിരെ നടപടി സ്വീകരിച്ച് എയർ ഇന്ത്യ എക്‌സ്പ്രസ്. ജോലിക്ക് എത്താതിരുന്നവർക്ക് പിരിച്ചുവിടൽ നോട്ടീസ് നൽകുമെന്ന് എയർ ഇന്ത്യ എക്സ്പ്രസ് അറിയിച്ചു. 90 ലധികം സർവ്വീസുകൾ റദ്ദാക്കേണ്ടി വരികയും കമ്പനിയുടെ വിശ്വാസ്യതയ്‌ക്ക് കോട്ടം വരികയും ചെയ്ത സാഹചര്യത്തിലാണ് നടപടി
ന്യായമായ കാരണങ്ങളൊന്നുമില്ലാതെ കൂട്ടമായി ജീവനക്കാർ അവധി എടുക്കുകയായിരുന്നുവെന്ന് കമ്പനി വിലയിരുത്തി. എത്ര പേർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് വരും ദിവസങ്ങളിൽ വ്യക്തത വരുത്തുമെന്നും എയർ ഇന്ത്യ എക്സ്പ്രസ് അറിയിച്ചു. വിമാനങ്ങൾ റദ്ദാക്കി യാത്രക്കാർക്ക് ബുദ്ധിമുട്ടുകളുണ്ടാക്കിയ ജീവനക്കാരുടെ തീരുമാനം അംഗീകരിക്കാനാകാത്തതാണെന്നും ഇതിനെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും പിരിച്ചുവിടൽ നോട്ടീസിൽ പറയുന്നു.
തിരുവനന്തപുരത്തും കണ്ണൂരിലും കരിപ്പൂരിലും ഇന്നും വിമാനങ്ങൾ റദ്ദാക്കിയിട്ടുണ്ട്. തിരുവനന്തപുരത്ത് നിന്ന് മസ്‌കറ്റിലേക്കും, ബെംഗളൂരുവിലേക്കും, ഹൈദരാബാദിലേക്കും പോകേണ്ട വിമാനങ്ങൾ റദ്ദാക്കി. കരിപ്പൂരിലും മൂന്ന് സർവീസുകൾ റദ്ദാക്കിയിട്ടുണ്ട്. അൽ ഐൻ, ജിദ്ദ, ദോഹ എന്നിവടങ്ങളിലേക്കുള്ള സർവീസുകളാണ് റദ്ദാക്കിയത്. കണ്ണൂരിൽ നിന്ന് ഷാർജ, അബുദാബി എന്നിവിടങ്ങളിലേക്കുള്ള വിമാന സർവീസുകളും റദ്ദാക്കി.
മുന്നറിയിപ്പ് ഇല്ലാതെയുള്ള സർവീസുകളുടെ റദ്ദാക്കലിൽ നൂറുക്കണക്കിന് യാത്രികർ വലഞ്ഞിരുന്നു. ജീവനക്കാർ ഫോൺ സ്വിച്ച് ഓഫ് ചെയ്ത് വച്ചാണ് കൂട്ട അവധിയെടുത്ത് പോയത്. ശമ്പളം ഉൾപ്പെടെയുളള കാര്യങ്ങളിൽ മാനേജ്മെന്റിൽ നിന്ന് അനുകൂല നിലപാട് ഉണ്ടാകാതിരുന്നതിനെ തുടർന്നാണ് ഇത്തരമൊരു പ്രതിഷേധത്തിലേക്ക് നീങ്ങിയതെന്നാണ് ജീവനക്കാർ നൽകുന്ന വിവരം. സംഭവത്തിൽ വ്യോമയാന മന്ത്രാലയം ഉൾപ്പെടെ റിപ്പോർട്ട് തേടിയിരുന്നു. ഈ സാഹചര്യത്തിലാണ് പിരിച്ചുവിടൽ നോട്ടീസുമായി കമ്പനി കടുത്ത നടപടിയിലേക്ക് നീങ്ങുന്നത്.