കോഴിക്കോട്: ചിലരുടെ മുഖത്ത് ആനന്ദ കണ്ണീർ, ആഹ്ലാദപ്രകടനങ്ങൾ.. അങ്ങനെ എസ്എസ്എൽസി പരീക്ഷ എഴുതിയ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ഇന്നലെ സമ്മിശ്ര വികാരങ്ങൾ നിറഞ്ഞ ദിനമായിരുന്നു കടന്നു പോയത്. എന്നാൽ ഫലം വന്നത് പറഞ്ഞു സന്തോഷിക്കാനോ മധുരം നുകർന്ന് ആഹ്ലാദം പങ്കുവയ്‌ക്കാനോ ഗോപികയുടെ വീട്ടിൽ ആരും ഉണ്ടായിരുന്നില്ല.
ഒരു മാസം മുമ്പ് പിതാവ് കൊലപ്പെടുത്തിയ ഗോപികയും എസ്എസ്എൽസി പരീക്ഷയിൽ ഉന്നത വിജയമാണ് സ്വന്തമാക്കിയത്. 9 വിഷയങ്ങളിൽ എ പ്ലസും ഒരു വിഷയത്തിൽ എ ഗ്രേഡും നേടിയ ഗോപികയുടെ വിജയം ഒരു തീരാനോവായി ആ വീടിനെ മൂടി നിന്നു.
മൂന്ന് വർഷങ്ങൾക്ക് മുമ്പാണ് ഗോപികയുടെ അമ്മ, അവളെയും അനിയത്തി ജ്യോതികയെയും പിതാവിനെയും മാത്രമാക്കി യാത്രയായത്. ഗോപികയുടെ പത്താം ക്ലാസ് പരീക്ഷ തീർന്നതോടെ പരീക്ഷാ ഫലം കാത്തുനിൽക്കാൻ പിതാവും കൂട്ടാക്കിയില്ല. ഗോപികയെയും അനിയത്തിയെയും കൊലപ്പെടുത്തിയ ശേഷം പിതാവ് സുമേഷ് ട്രെയിനിന് മുന്നിൽച്ചാടി ആത്മഹത്യ ചെയ്തു. വിജയാഹ്ലാദം നിറയേണ്ട വീട് ഇന്ന് ശൂന്യമാണെന്ന് സമീപവാസികളും ദുഃഖത്തോടെ പറയുന്നു.
പഠിക്കാനും കലാപരമായ കാര്യങ്ങളിലും ഗോപിക എപ്പോഴും മുൻനിരയിലുണ്ടായിരുന്നുവെന്ന് അദ്ധ്യാപകർ പറഞ്ഞു. സംസ്ഥാന കലോത്സവത്തിൽ ഗോപിക നയിച്ച സംഘഗാന ടീം എ ഗ്രേഡ് നേടിയിരുന്നു. പത്താം ക്ലാസിലെ പരീക്ഷയെല്ലാം കഴിഞ്ഞ് അദ്ധ്യാപകരോടും കൂട്ടുകാരോടും യാത്ര പറഞ്ഞ് ഇറങ്ങിയപ്പോൾ മരണത്തിലേക്കുള്ള യാത്രയാണെന്ന് അവൾ വിചാരിച്ചിരുന്നില്ല.
മാർച്ച് 29നാണ് രണ്ട് മക്കൾക്കും വിഷം നൽകി സുമേഷ് ട്രെയിനിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്തത്. മരണത്തിൽ മറ്റാർക്കും പങ്കില്ലെന്നും ആത്മഹത്യ ചെയ്യുന്നുവെന്ന കുറിപ്പും ഗോപികയുടെയും ജ്യോതികയുടെയും മൃതദേഹങ്ങൾക്ക് സമീപത്ത് നിന്ന് പൊലീസ് കണ്ടെത്തിയിരുന്നു.