മുംബൈ: വിമാനത്തിനുള്ളിൽ പുകവലിച്ച മധ്യവയസ്കൻ പിടിയിൽ. വിമാനത്തിന്റെ ശുചിമുറിയിൽ വച്ചാണ് മധ്യവയസ്കൻ പുകവലിച്ചത്. മസ്കറ്റിൽ നിന്ന് മുംബൈയിലേക്കുള്ള വിസ്താര വിമാനത്തിലാണ് സംഭവം. ബാലകൃഷ്ണ രാജയൻ(51) എന്ന ആളാണ് പിടിയിലായത്. തിങ്കളാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.
കന്യാകുമാരി സ്വദേശിയാണ് ബാലകൃഷ്ണൻ രാജയൻ. ഇയാൾ ശുചിമുറിയിൽ വച്ച് പുകവലിച്ചത് സ്മോക്ക് ഡിറ്റക്ടറിന്റെ സഹായത്തോടെ പൈലറ്റിന്റെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. പൈലറ്റ് ഇക്കാര്യം ക്യാബിൻ ക്രൂവിനെ അറിയിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. തുടർന്ന് ശുചിമുറിയിൽ നടത്തിയ പരിശോധനയിൽ ഒരു സിഗരറ്റ് ബഡ് കണ്ടെടുത്തതായി പൊലീസ് പറഞ്ഞു.
മുംബൈയിൽ വിമാനമിറങ്ങിയ ശേഷം ക്യാബിൻ ക്രൂ അംഗങ്ങൾ ഗ്രൗണ്ട് സുരക്ഷാ സൂപ്പർവൈസറെ വിവരമറിയിച്ചു. തുടർന്നാണ് ബാലകൃഷ്ണൻ രാജയനെ കസ്റ്റഡിയിലെടുത്തത്. ചോദ്യം ചെയ്യലിൽ വിമാനത്തിൽ വച്ച് പുകവലിച്ചെന്ന് രാജയൻ സമ്മതിച്ചു. സിഗരറ്റ് കത്തിക്കാനായി ഉപയോഗിച്ച തീപ്പെട്ടിയും ഇയാൾ ഹാജരാക്കി.
ചോദ്യം ചെയ്യലിന് ശേഷം പ്രതിയെ മുംബൈ സഹാർ പൊലീസ് സ്റ്റേഷനിൽ ഹാജരാക്കി. സുരക്ഷാ സൂപ്പർവൈസർ ഇയാൾക്കെതിരെ പരാതി നൽകി. വിമാനത്തിനുള്ളിൽ പുകവലിച്ചതിലൂടെ പ്രതി ബോധപൂർവ്വം നിയമം ലംഘിക്കുകയായിരുന്നുവെന്നും യാത്രക്കാരെ മുഴുവൻ ദുരിതത്തിലാക്കിയെന്നും പരാതിയിൽ പറയുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.