തിരുവനന്തപുരം: ഹയർ സെക്കൻഡറി പരീക്ഷാ ഫലം പ്രഖ്യാപിച്ചു. രണ്ടാം വർഷ ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷാ ഫലമാണ് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പ്രഖ്യാപിച്ചത്. 78.69 ആണ് ഈ വർഷത്തെ വിജയശതമാനം. 2,94,878 വിദ്യാർത്ഥികൾ ഉപരിപഠനത്തിന് അർഹത നേടിയിട്ടുണ്ട്. കഴിഞ്ഞ വർഷത്തെക്കാൾ വിജയശതമാനം 4. 26% കുറവാണ്.
കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് കണക്കാക്കുമ്പോൾ ഇത്തവണ 16 ദിവസം മുമ്പാണ് പരീക്ഷാ ഫലം പ്രഖ്യാപിച്ചത്. വിജയ ശതമാനം ഏറ്റവും കൂടിയത് എറണാകുളത്തും ഏറ്റവും കുറഞ്ഞത് വയനാടുമാണ്. 63 സ്കൂളുകൾ നൂറ് മേനി വിജയം കരസ്ഥമാക്കിയിട്ടുണ്ട്. എല്ലാ വിഷയത്തിലും എ പ്ലസ് കിട്ടിയവരുടെ എണ്ണം വർദ്ധിച്ചു.
39,242 വിദ്യാർത്ഥികൾക്ക് എല്ലാ വിഷയത്തിനും എ പ്ലസ് ലഭിച്ചു. പ്ലസ ടു സയൻസിൽ 84.84 ശതമാനം, കൊമേഴ്സിൽ 76,11ശതമാനം, ഹ്യുമാനിറ്റീസിൽ 67.09 ശതമാനം എന്നിങ്ങനെയാണ് വിജയശതമാനം.
4,41,120 വിദ്യാർത്ഥികളാണ് ഈ വർഷം പ്ലസ്ടു പരീക്ഷ എഴുതിയത്. വൊക്കേഷണൽ ഹയർ സെക്കൻഡറി റഗുലർ വിഭാഗത്തിൽ 27,798, പ്രൈവറ്റ് വിഭാഗത്തിൽ 1,502 എന്നിവരുൾപ്പടെ ആകെ 29,300 പേരാണ് രണ്ടാം വർഷ പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തത്.
www.prd.kerala.gov.in, www.keralaresults.nic.in, www.result.kerala.gov.in, www. examresults.kerala.gov.in, www.results.kite.kerala.gov.in എന്നീ വെബ്സൈറ്റുകളിൽ ഫലം ലഭ്യമാകും.