ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ഭാരതീയരെയും അപമാനിക്കുന്ന തരത്തിലുള്ള പരാമർശം ഇനി മാലദ്വീപ് സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകില്ലെന്ന് വിദേശകാര്യ മന്ത്രി മൂസ സമീർ. പ്രധാനമന്ത്രിക്കെതിരെ ചില മന്ത്രിമാർ നടത്തിയത് സർക്കാരിന്റെ നിലപാടല്ലെന്നും ഇനി ആവർത്തിക്കാതിരിക്കാനുള്ള കൃത്യമായ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഔദ്യോഗിക സന്ദർശനത്തിനായി ഇന്ത്യയിലെത്തിയപ്പോഴാണ് മാലദ്വീപ് വിദേശകാര്യ മന്ത്രി തന്റെ നിലപാട് വ്യക്തമാക്കിയത്.
ഇത് മാലദ്വീപ് സർക്കാരിന്റെ നിലപാടോ സർക്കാരിന്റെ കാഴ്ചപാടോ അല്ല, ഇത് ആവർത്തിക്കാതിരിക്കാൻ ശരിയായ നടപടികൾ ഞങ്ങൾ സ്വീകരിച്ചുവെന്നും അദ്ദേഹം പറഞ്ഞു. മാലദ്വീപും ഇന്ത്യയും തമ്മിലുള്ള ബന്ധം വഷളായ സാഹചര്യത്തിലാണ് സമീറിന്റെ ഇന്ത്യാ സന്ദർശനം. വിദേശകാര്യമന്ത്രിയായി ചുമതലയേറ്റ ശേഷമുള്ള മൂസ സമീറിന്റെ ഇന്ത്യയിലേക്കുളള ആദ്യ ഉഭയകക്ഷി സന്ദർശനമാണിത്.
പ്രധാനമന്ത്രിയെ കുറിച്ച് മാലദ്വീപിലെ മൂന്ന് മന്ത്രിമാർ സമൂഹമാദ്ധ്യമത്തിലൂടെ നടത്തിയ അപകീർത്തിപരമായ പോസ്റ്റിലൂടെയാണ് ഇന്ത്യയും മാലദ്വീപും തമ്മിൽ പ്രശ്നങ്ങൾ ഉടലെടുത്തത്. മാലദ്വീപ് ഡെപ്യൂട്ടി യൂത്ത് മന്ത്രിമാരായ മറിയം ഷിയുന, മഹ്‌സൂം മജീദ്, മൽഷ ഷെരീഫ് എന്നിവരാണ് അധിക്ഷേപ പരാമർശം നടത്തിയത്. സമൂഹമാദ്ധ്യമ പോസ്റ്റ് വിവാദമായതോടെ മാലദ്വീപ് സർക്കാർ മൂന്ന് പേരെയും ചുമതലകളിൽ നിന്ന് സസ്പെൻഡ് ചെയ്തിരുന്നു.
സംഭവത്തിന് പിന്നാലെ മാലദ്വീപിന്റെ സമ്പദ് വ്യവസ്ഥ തന്നെ തകരുന്ന അവസ്ഥയുമുണ്ടായി. ഇന്ത്യയിൽ നിന്നുള്ള വിനോദസഞ്ചാരികളുടെ എണ്ണത്തിലും വലിയ കുറവാണുണ്ടായത്. ഇത്തരം പ്രതിസന്ധികളൊക്കെ പരിഹരിക്കുക എന്നത് ലക്ഷ്യമിട്ടാണ് വിദേശകാര്യ മന്ത്രിയുടെ സന്ദർശനം.















