ന്യൂഡൽഹി: കള്ളപ്പണം ഇടപാട് കേസിൽ അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യം കിട്ടുക മാത്രമാണ് ചെയ്തതെന്നും, അല്ലാതെ കോടതി അദ്ദേഹത്തെ കുറ്റവിമുക്തനാക്കിയിട്ടില്ലെന്നുമുള്ള പരിഹാസവുമായി കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ. ഇൻഡി സഖ്യം പറയുന്നത് പോലെ രണ്ട് കള്ളൻമാർ ചേർന്നാൽ സഹോദരൻമാർ ആകുമെന്ന് പറയുന്ന രീതിയാണ് ഇപ്പോൾ കണ്ടുകൊണ്ടിരിക്കുന്നത്. എന്നാൽ ഈ ചങ്ങാത്തം പ്രതിപക്ഷ പാർട്ടികളെ ശക്തിപ്പെടുത്താൻ ഒരു തരത്തിലും സഹായിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
‘ കെജ്‌രിവാളിനെ കോടതി കുറ്റവിമുക്തനാക്കിയിട്ടില്ലെകാര്യം വ്യക്തമാണ്. രാഹുൽ ഗാന്ധി, സോണിയ ഗാന്ധി, ലാലു പ്രസാദ് യാദവ്, ചിദംബരം തുടങ്ങിയവരെ പോലെ ഉപാധികളോടുള്ള ജാമ്യം മാത്രമാണ് അദ്ദേഹത്തിനും ലഭിച്ചിരിക്കുന്നത്. അഴിമതി ആരോപണങ്ങൾ നേരിടുന്നതിനാൽ അദ്ദേഹത്തിന് മുഖ്യമന്ത്രി പദത്തിലുള്ള കർത്തവ്യങ്ങൾ ചെയ്യാൻ സാധിക്കില്ല. മുഖ്യമന്ത്രി എന്ന നിലയിൽ ഔദ്യോഗിക പദവിയിരിക്കാനോ ചുമതലകൾ വഹിക്കാനോ അനുവാദമില്ല. കേസിൽ അന്വേഷണം നടക്കുകയാണ്, ഉറപ്പായും അദ്ദേഹത്തെ കോടതി ശിക്ഷിക്കും.’ അനുരാഗ് താക്കൂർ പറഞ്ഞു.
50 ദിവസത്തിന് ശേഷം ഇന്നലെയാണ് കെജ്‌രിവാളിന് ജാമ്യം ലഭിച്ചത്. മെയ് 25നാണ് ഡൽഹിയിൽ വോട്ടെടുപ്പ് നടക്കുന്നത്. തെരഞ്ഞെടുപ്പ് പ്രചാരണം നടത്താൻ അനുമതി ഉണ്ടെങ്കിലും ഔദ്യോഗിക ചുമതലകൾ നിർവ്വഹിക്കാൻ അദ്ദേഹത്തിന് അനുമതിയില്ല. ജാമ്യ കാലാവധി അവസാനിക്കുന്നതിന്റെ പിറ്റേന്ന് ജൂൺ രണ്ടിന് കീഴടങ്ങണമെന്ന് സുപ്രീംകോടതി കെജ്രിവാളിനോട് നിർദ്ദേശിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പിൽ പ്രചാരണം നടത്തുന്നത് മൗലിക അവകാശമല്ലെന്ന് ചൂണ്ടിക്കാട്ടി ഇഡി ജാമ്യാപേക്ഷയെ എതിർത്തിരുന്നു. ഡൽഹി മദ്യനയത്തിലെ കളളപ്പണ ഇടപാടുമായി ബന്ധപ്പെട്ട് മാർച്ച് 21 നാണ് കെജ്രിവാളിനെ അറസ്റ്റ് ചെയ്തത്.















