അനുരാഗ കരിക്കിൻവെള്ളം എന്ന ചിത്രത്തിന് ശേഷം ബിജു മേനോനും ആസിഫ് അലിയും ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് തലവൻ. ജിസ് ജോയ് സംവിധാനം ചെയ്ത ചിത്രത്തിന്റെ ടൈറ്റിൽ സോംഗ് പുറത്തുവിട്ടു. ജിസ് ജോയ് എഴുതിയ ഗാനത്തിന്റെ സംഗീത സംവിധാനം നിർവ്വഹിച്ചിരിക്കുന്നത് ദീപക് ദേവ് ആണ്. ‘രാവിൻ നിറം കാത്തവൻ’… എന്ന് തുടങ്ങുന്ന ഗാനമാണ് പുറത്തുവിട്ടിരിക്കുന്നത്.
ആനന്ദ് ശ്രീരാജാണ് ഗാനം ആലപിച്ചിരിക്കുന്നത്. അണിയറയിൽ ഒരുങ്ങുന്നത് ഒരു മികച്ച ത്രില്ലർ ചിത്രമായിരിക്കും എന്ന് ടൈറ്റിൽ സോംഗ് ഉറപ്പ് തരുന്നു. ഒരേ റാങ്കിലുള്ള രണ്ട് പൊലീസ് ഉദ്യോഗസ്ഥർക്ക് ഇടയിൽ ഉണ്ടാകുന്ന പ്രശ്നങ്ങളിലൂടെയാണ് ചിത്രത്തിന്റെ കഥ മുന്നോട്ട് പോകുന്നത്. മേയ് 24ന് ചിത്രം തിയേറ്ററുകളിലെത്തും. അനുശ്രീ, മിയ തുടങ്ങിയവരാണ് ചിത്രത്തിലെ നായികമാർ.
ദിലീഷ് പോത്തനും റഹ്‌മാനും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. മാസങ്ങൾക്ക് മുമ്പ് പുറത്തുവന്ന ചിത്രത്തിന്റെ ടീസർ ഏറെ ശ്രദ്ധ നേടിയിരുന്നു. അരുൺ നാരായൺ, സിജോ സെബാസ്റ്റ്യൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. കോട്ടയം നസീർ, ശങ്കർ രാമകൃഷ്ണൻ, ജോജി കെ. ജോൺ, ദിനേശ്, അനുരൂപ്, നന്ദൻ ഉണ്ണി, ബിലാസ് എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ.















