യുഎസ് പ്രസിഡൻ്റ് ജോ ബൈഡൻ, യുകെ പ്രധാനമന്ത്രി ഋഷി സുനാക്, ഫ്രഞ്ച് പ്രസിഡൻ്റ് ഇമ്മാനുവൽ മാക്രോൺ എന്നിവരുൾപ്പെടെ ജി 20 യിൽ പങ്കെടുത്ത ലോകനേതാക്കൾക്ക് ഭാരത സർക്കാർ നൽകിയ സമ്മാനപ്പെട്ടിയിൽ സുഗന്ധം പരത്തുന്ന ഒരു ചെറു ചില്ലുപാത്രമുണ്ടായിരുന്നു. അതിൽ ഉണ്ടായിരുന്നത് ഉത്തർ പ്രദേശിലെ ഒരു ചെറുപട്ടണത്തിൽ നിർമ്മിക്കുന്ന ഇന്ത്യയുടെ സവിശേഷമായ പെർഫ്യൂം “കനൗജ് അത്തർ” ആയിരുന്നു.
കനൗജിലെ തെരുവീഥികൾക്കും കാറ്റിനും പൊടിമണലിനും പോലും നേർത്ത സുഗന്ധമാണ്. മനസ്സിനെ സന്തോഷിപ്പിക്കുന്ന ആഹ്ലാദം പകരുന്ന നേർത്ത സുഗന്ധം. ഇടുങ്ങിയ തിരക്കേറിയ ഇടവഴികളിൽ, തിരഞ്ഞെടുപ്പിന്റെ തിരക്കും തിരക്കും വെല്ലുവിളികളും ഉയരുമ്പോൾ അവിടെയുളള ജനത മോഡി സർക്കാരിന്റെ one station one product സ്കീം ന്റെ വിജയത്തെക്കുറിച്ചാണ് സംസാരിക്കുന്നത്. അതെ, ഇന്ത്യയുടെ ഗ്രാമാന്തരങ്ങളിലെ പാവപ്പെട്ട മനുഷ്യന്റെ ജീവിതത്തിൽ ഒരു ഭരണകൂടത്തിന് എങ്ങിനെ ഇടപെടാൻ പറ്റും എന്നതിന്റെ മകുടോദാഹരണമാണ് one station one product സ്കീം. അതിലൂടെ ഏറ്റവും വലിയ വിപണനം ഉണ്ടായിട്ടുള്ള ഒന്നാണ് കനൗജിലെ അത്തർ.
കനൗജ് സുഗന്ധം വാറ്റിയതിന് പ്രശസ്തമാണ്. “ഇന്ത്യയുടെ പെർഫ്യൂം തലസ്ഥാനം”എന്നറിയെപ്പടുന്ന കനൗജിൽ 350-ലധികം പെർഫ്യൂം ഡിസ്റ്റിലറികളുണ്ട്. ഈ നഗരം പെർഫ്യൂം, പുകയില, റോസ് വാട്ടർ എന്നിവയുടെ ഒരു വിപണന കേന്ദ്രമാണ്. ‘ഒരു ജില്ല ഒരു ഉൽപ്പന്നം’ (ODOP) പദ്ധതിയിൽ ഉൾപ്പെടുത്തി വ്യാപാരം വർദ്ധിപ്പിച്ചത് കൂടാതെ GI ടാഗ് അഥവാ ഭൗമ സൂചികാ ടാഗ് ഈ പെർഫ്യൂമിന്/ അത്തറിന് ലഭിച്ചിട്ടുണ്ട്. ജി20 ഉച്ചകോടിക്കിടെ ലോക നേതാക്കൾക്ക് കനൗജിൽ നിന്ന് ഇത്ര സമ്മാനിച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇത് ജനപ്രിയമാക്കി. ഇപ്പോൾ ഈ അത്തറിന് ലോകമെങ്ങും ആവശ്യക്കാരാണ്.
ഇങ്ങിനെ പെർഫ്യൂമിന്റെ സുഗന്ധത്താൽ ലോകത്തെ ഭ്രാന്തമാക്കുന്ന കനൗജിന് ഉത്തർപ്രദേശിലെയെന്നല്ല ഇന്ത്യയിലെ തന്നെ രാഷ്‌ട്രീയ ഗതി വിഗതികളിൽ ഉയർന്ന സ്ഥാനമുണ്ട്. ഭാരത രാഷ്‌ട്രീയ ചരിത്രത്തിൽ സോഷ്യലിസ്റ്റുകളുടെ പറുദീസയായിരുന്നു ഇവിടം. സോഷ്യലിസ്റ്റ് രാഷ്‌ട്രീയത്തിന്റെ മിശിഹാ സാക്ഷാൽ “രാം മനോഹർ ലോഹ്യ” ജയിച്ച മണ്ഡലം. അവിടെ നിന്നിങ്ങോട്ട് സോഷ്യലിസ്റ്റുകളുടെ വിവിധ കഷണങ്ങൾ ആണ് കൂടുതൽ തവണ അവിടെ വെന്നിക്കൊടി പാറിച്ചത്. 1967 മുതൽ നടന്ന 16 തെരഞ്ഞെടുപ്പുകളിൽ എസ്പി ഏഴു തവണയും കോൺഗ്രസും ബിജെപിയും രണ്ടുതവണ വീതവും വിജയിച്ചു.1996 ൽ അവിടെ നിന്ന് ബിജെപിയുടെ ചന്ദ്ര ഭൂഷൺ സിങ് അട്ടിമറി വിജയം നേടിയിരുന്നു. അതിനു ശേഷം മൂന്ന് മുൻ മുഖ്യമന്ത്രിമാരും കനൗജിൽ നിന്ന് ലോക്‌സഭാ എംപിമാരായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. മുലായം സിംഗ് യാദവും അഖിലേഷ് യാദവും ഇവിടെ നിന്ന് എംപിമാരായി തിരഞ്ഞെടുക്കപ്പെട്ടവരാണ്. ഇവിടെ നിന്നും ജയിച്ച മറ്റൊരു മുഖ്യമന്ത്രി ഷീലാ ദീക്ഷിതാണ്. 1984ലെ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനുവേണ്ടി അവർ ഈ സീറ്റിൽ വിജയിച്ചിരുന്നു. പിന്നീട് ഡൽഹിയിലെ രണ്ടാമത്തെ വനിതാ മുഖ്യമന്ത്രിയായ ഷീല 15 വർഷം തുടർച്ചയായി ആ പദവിയിൽ തുടർന്നു.
സമാജ് വാദി പാർട്ടിക്ക് സമാജം ഒരു വിഷയമല്ലെന്നും കുടുംബമാണ് വിഷയമെന്നുമുള്ള ആരോപണത്തിന്റെ ഉത്തമ ദൃഷ്ടാന്തമാണ് കനൗജ്. 1999-ലെ ലോക്‌സഭാ പൊതു തിരഞ്ഞെടുപ്പിൽ സംഭാൽ ലോക്‌സഭാ മണ്ഡലം , കനൗജ് ലോക്‌സഭാ മണ്ഡലം എന്നീ രണ്ട് സീറ്റുകളിൽ മത്സരിച്ച മുലായം കനൗജ് സീറ്റിൽ നിന്ന് രാജിവെച്ച് മകനെ രംഗത്തിറക്കി. 2000-ലെ കനൗജ് ഉപതെരഞ്ഞെടുപ്പിൽ തന്റെ മകൻ അഖിലേഷിനെ വെച്ച് ഈ മണ്ഡലത്തിൽ ജയിക്കാൻ മുലായത്തിനായി. 2009 ലും കനൗജിൽ നിന്നും ജയിച്ച അഖിലേഷ് യാദവ് 2012 ൽ എംപി സ്ഥാനം രാജിവെച്ചപ്പോൾ പകരം വന്നത് ഭാര്യ ഡിംപിൾ യാദവാണ്. അവർ അന്ന് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. 2014 ലും ഡിംപിൾ തന്നെ ജയിച്ചു. അന്ന് പക്ഷെ ബിജെപിയുടെ സുബ്രത് പതക്ക് ഡിംപിളിന് കനത്ത വെല്ലുവിളിയാണ് ഉയർത്തിയത്. 2019 ആയപ്പോഴേക്കും കൗനൗജിനെ കാവി വിഴുങ്ങിക്കഴിഞ്ഞിരുന്നു. അവിടെ മിന്നുന്ന പ്രകടനം കാഴ്ചവെച്ച ബിജെപി, സമാജ്‌വാദി പാർട്ടിയുടെ ശക്തികേന്ദ്രം തകർത്തു . അങ്ങിനെ അഖിലേഷിന്റെ ഭാര്യയും എസ്പി സ്ഥാനാർത്ഥിയുമായ ഡിംപിൾ യാദവിന് പരാജയം ഏറ്റുവാങ്ങേണ്ടി വന്നു. തെരഞ്ഞെടുപ്പിൽ എസ്പിയും ബിഎസ്പിയും തമ്മിൽ തെരഞ്ഞെടുപ്പു സഖ്യം ഉണ്ടായിരുന്നു. എന്നിട്ടും സുബ്രത പഥക്ക് 563,087 വോട്ടുകൾ നേടിയപ്പോൾ ഡിംപിളിന് 550,734 വോട്ടുകൾ മാത്രമാണ് ലഭിച്ചത്.
കനൗജ് പാർലമെൻ്ററി സീറ്റിന് കീഴിൽ 5 അസംബ്ലി സീറ്റുകളുണ്ട്, അതിൽ 3 എണ്ണം കനൗജ് ജില്ലയിലും ഓരോ സീറ്റ് വീതവും ഔറയ്യ, കാൺപൂർ ദേഹത്ത് ജില്ലകളിലും ഉൾപ്പെടുന്നു. ഇവയിൽ നാലെണ്ണം ബിജെപിയുടെ കയ്യിലാണ് . സുബ്രത് ഏറ്റവും പഴയ പെർഫ്യൂം ബിസിനസ്സ് കുടുംബങ്ങളിലൊന്നാണ്. 2019ലെ വിജയത്തിന് മുമ്പ് സുബ്രത് രണ്ട് ലോക്‌സഭാ തെരഞ്ഞെടുപ്പുകളിൽ കനൗജിൽ നിന്ന് മത്സരിച്ച് പരാജയപ്പെട്ടിരുന്നു.
കനൗജ് നഗരത്തിന് വളരെ സമ്പന്നമായ ഒരു പൗരാണിക സാംസ്കാരിക പൈതൃകമുണ്ട്. മഹാഭാരതത്തിൽ പരാമർശിക്കുന്ന കന്യാകുബ്ജമെന്ന നഗരമാണിത്. മഹാഭാരത കാലഘട്ടത്തിൽ, ദക്ഷിണ പാഞ്ചാലത്തിന്റെ തലസ്ഥാനമായിരുന്ന ഈ പ്രദേശം കമ്പില എന്നും അറിയപ്പെട്ടിരുന്നു, ഇവിടെ ദ്രൗപതിയുടെ സ്വയംവരം നടന്നത് ഇവിടെയാണ്.
2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കനൗജ് പാർലമെൻ്റ് സീറ്റിൽ വൻ അട്ടിമറിയാണ് നടന്നത്. ആ അറ്റായിമാറി ഇക്കുറിയും തുടരും എന്നാണ് നിരീക്ഷകർ പറയുന്നത്.മോഡി – യോഗി എന്നീ ഇരട്ട എഞ്ചിനുകളുള്ള യുപി ഭരണകൂടത്തിന്റെ ജനക്ഷേമ പ്രവർത്തനങ്ങൾ വോട്ടായി മാറുമെന്നാണ് ബിജെപിയുടെ പ്രതീക്ഷ. 1,200 കോടി രൂപയിലധികം ആകെത്തുകയുള്ള കനൗജിലെ സുഗന്ധ വ്യവസായത്തിൽ ജില്ലയിലെ ജനസംഖ്യയുടെ 80 ശതമാനത്തോളം വ്യാപൃതരാണ്. അത്തർ മണക്കുന്ന കനൗജിന്റെ തെരുവുകളിലെ ആത്മവിശ്വാസം തുളുമ്പുന്ന മുഖങ്ങൾ ആ പ്രതീക്ഷക്ക് കരുത്തേകുന്നു.
രഞ്ജിത് ജി കാഞ്ഞിരത്തിൽ