തെലങ്കാന മുൻ മുഖ്യമന്ത്രിയും ഭാരത് രാഷ്‌ട്രസമിതി (ബിആർഎസ്) സ്ഥാപകനുമായ കൽവകുന്ത്‌ല ചന്ദ്രശേഖർ റാവു എന്ന കെസിആറിന്റെ വാക്കുകൾക്കു മറുവാക്കില്ലാത്ത ഒരു കാലമുണ്ടായിരുന്നു തെലങ്കാനയ്‌ക്ക്. എന്നാൽ ഡിസംബറിൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത തോൽവിക്ക് ശേഷം ഇന്ന് രംഗം മാറിക്കഴിഞ്ഞു. എങ്ങും കാവിക്കൊടികൾ പാറിപ്പറക്കുന്നു. മോദി പ്രഭാവവും, വികസനവും വോട്ടായി മാറുമെന്നാണ് ജനങ്ങളും വിശ്വസിക്കുന്നത്.
1952 മുതൽ കരിംനഗറിൽ കോൺഗ്രസിന് ശക്തമായ ഒരു കോട്ടയുണ്ടായിരുന്നു, ഒമ്പത് തവണ സീറ്റ് നേടി. ബിആർഎസ് നാല് തവണയും ബിജെപി മൂന്ന് തവണയും ടിഡിപിയും തെലങ്കാന പ്രജാ സമിതിയും ഓരോ തവണയും സീറ്റ് ഉറപ്പിച്ചു.

തെലങ്കാനയിൽ ബിജെപിയ്‌ക്ക് ശക്തമായ വേരോട്ടം ഉണ്ടായത് പാർട്ടിയുടെ സംസ്ഥാന അദ്ധ്യക്ഷൻ എന്ന പദവിയിലേയ്‌ക്ക് ബണ്ടി സഞ്ജയ് കുമാർ എത്തിയതിന് ശേഷമാണ് . ഇന്ന് കരിം നഗറിന്റെ സ്ഥാനാർത്ഥിയായി ലോക്സഭാ തെരഞ്ഞെടുപ്പിനെ നേരിടുമ്പോഴും വിജയത്തിൽ കുറഞ്ഞത് ഒന്നും അദ്ദേഹം ആഗ്രഹിക്കുന്നില്ല.

പാർട്ടിയുടെ പേരിൽ ഭാരത് ഉണ്ടെങ്കിലും കെസി ആറിന്റെ പ്രസംഗങ്ങളിൽ ജയ് ഹിന്ദും, ജയ് ഭാരതുമൊന്നും വരാറില്ല. അത് തന്നെയാണ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സഞ്ജയ് കുമാർ ചൂണ്ടിക്കാട്ടുന്നതും.
1971 ജൂലൈ 11ന് ബി. നർസയ്യയുടെയും ബി. ശകുന്തളയുടെയും മകനായാണ് ബണ്ടി സഞ്ജയ് കുമാർ ജനിച്ചത്. കരിംനഗറിലെ ശ്രീ സരസ്വതി ശിശുമന്ദിര് ഉന്നത പാഠശാലയിൽ നിന്ന് സ്കൂൾ വിദ്യാഭ്യാസം. ചെറുപ്പത്തിൽത്തന്നെ രാഷ്‌ട്രീയ സ്വയംസേവക സംഘത്തിലും സജീവമായിരുന്നു. അഖില ഭാരതീയ വിദ്യാർത്ഥി പരിഷത്തുമായി ചേർന്നുള്ള പ്രവർത്തനമാണ് ബണ്ടി സഞ്ജയ് കുമാറിനെ രാഷ്‌ട്രീയ രംഗത്ത് എത്തിച്ചത്.ഒടുവിൽ സംഘടനയുടെ സംസ്ഥാന എക്സിക്യൂട്ടീവ് അംഗവുമായി. 1996-ൽ, ബിജെപി നേതാവ് എൽ.കെ അദ്വാനിയുടെ സൂറത്ത് രഥയാത്രയിൽ ഒപ്പം ചേന്ന് ഇന്ത്യയിലുടനീളം 35 ദിവസം പ്രചാരണം നടത്തി.

2019ലെ തെരഞ്ഞെടുപ്പിൽ കരിംനഗർ ലോക്‌സഭാ മണ്ഡലത്തിൽ നിന്നാണ് സഞ്ജയ് കുമാർ ബിജെപി മത്സരിച്ചത്. നിലവിലെ പാർലമെൻ്റ് അംഗമായ തെലങ്കാന രാഷ്‌ട്ര സമിതിയുടെ ബി. വിനോദ് കുമാർ, ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പൊന്നം പ്രഭാകർ എന്നിവരായിരുന്നു എതിരാളികൾ. അന്ന് 89,508 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് സഞ്ജയ് കുമാർ വിജയം നേടിയത്. കാര്യമായി വോട്ട് ബാങ്കിലാതിരുന്ന തെലങ്കാനയിൽ, ശക്തരായ എതിരാളികളെ തറപറ്റിച്ച് സ്വന്തമാക്കിയ അഭിമാനകരമായ നേട്ടമായിരുന്നു അത്. തെരഞ്ഞെടുക്കപ്പെട്ടതോടെ, തെലങ്കാനയിൽ നിന്നുള്ള നാല് ഭാരതീയ ജനതാ പാർട്ടി എംപിമാരിൽ ഒരാളായി ബണ്ടി മാറി, പാർട്ടിക്ക് ചരിത്രപരമായ നേട്ടമായിരുന്നു ഇത്.

കഴിഞ്ഞ ജൂലൈയിലാണ് ബണ്ടിയെ പാർട്ടി ദേശീയ സെക്രട്ടറിയായി അമിത് ഷാ പ്രഖ്യാപിച്ചത്. നിയമസഭാ തെരഞ്ഞെടുപ്പായാലും ലോക്‌സഭാ തെരഞ്ഞെടുപ്പായാലും എന്റെ വോട്ട് നരേന്ദ്ര മോദിക്കാണെന്ന് കരിംനഗറിലെ വോട്ടർമാർ പറയുമ്പോൾ അതിൽ തെളിയുന്നത് ബണ്ടി സഞ്ജയ് കുമാർ എന്ന ജനപ്രതിനിധിയോടുള്ള വിശ്വാസം കൂടിയാണ്.
വോട്ടർമാരുടെ അഭിപ്രായങ്ങളെ അടിസ്ഥാനമാക്കി ബണ്ടി സഞ്ജയ് കുമാറിന്റെ വിജയമാണ് മിക്ക സർവേ റിപ്പോർട്ടുകളും പ്രവചിക്കുന്നത്. എതിരാളികളായ ബിആർഎസിലെ ബി. വിനോദ് കുമാറിനും, കോൺഗ്രസിലെ വെളിച്ചാല രാജേന്ദർ റാവുവിനും ഒരുപടി മേലെയാണ് വോട്ടർമാരുടെ മനസിൽ ബണ്ടി സഞ്ജയ്‌ക്കുള്ള സ്ഥാനമെന്ന് ഇതിൽ നിന്നും വ്യക്തമാകും.
എഴുതിയത്
അനു നായർ















