ചുരുക്കം ചിത്രങ്ങൾകൊണ്ടുതന്നെ സിനിമാ ലോകത്ത് തന്റേതായ സ്ഥാനം ഉറപ്പിച്ച നടനാണ് വിജയ് ദേവരക്കൊണ്ട. ഗീതാഗോവിന്ദം എന്ന ചിത്രത്തിന് ശേഷം മലയാളികൾക്കിടയിലും വലിയൊരു ആരാധകവൃന്ദത്തെ സ്വന്തമാക്കാൻ നടന് സാധിച്ചു. മെയ് 9നായിരുന്നു താരത്തിന്റെ ജന്മദിനം.

പിറന്നാൾ ആശംസകൾ നേർന്ന് സഹോദരനും നടനുമായ ആനന്ദ് ദേവരക്കൊണ്ട സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ച ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.

കുട്ടിയായ വിജയ് ദേവരക്കൊണ്ടയുടെ ചിത്രങ്ങൾ ഇതിനോടകം ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞു. ‘ എന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട മനുഷ്യൻ. കണ്ടുപഠിക്കാനും മാതൃകയാക്കാനും ഭാഗ്യം ലഭിച്ചു.

സഹിഷ്ണുത, അച്ചടക്കം, സത്യസന്ധത എല്ലാം നിങ്ങളിൽ നിന്ന് പഠിക്കാൻ സാധിച്ചു, ഒരുപക്ഷേ അതിലേറെ എനിക്ക് അങ്ങയിൽ നിന്ന് പഠിക്കാൻ സാധിച്ചു.’ എന്ന കുറിപ്പോടെയായിരുന്നു ആനന്ദ് ചിത്രങ്ങൾ പങ്കുവച്ചത്.

പിതാവ് ഗോവർദ്ധൻ റാവുവിനൊപ്പമുള്ള ചിത്രങ്ങളും അമ്മക്കൊപ്പമുള്ള ചിത്രങ്ങളും കൂട്ടത്തിലുണ്ട്. ആനന്ദിന്റെയും വിജയ് ദേവരക്കൊണ്ടയുടെയും മനോഹര ചിത്രങ്ങളും കാണാം. ഒപ്പം കൂട്ടുകാർക്കൊപ്പമുള്ള സ്‌കൂൾ കാലത്തെ ചിത്രങ്ങളും കാണാം.

ഫാമിലി സ്റ്റാറായിരുന്നു വിജയ് ദേവരക്കൊണ്ടയുടെ ഏറ്റവും ഒടുവിൽ പുറത്തുവന്ന ചിത്രം. ബോളിവുഡ് താരം മൃണാൾ താക്കൂർ ആയിരുന്നു ചിത്രത്തിലെ നായിക. ചിത്രം സാമ്പത്തികമായി വലിയ പരാജയമായിരുന്നെങ്കിലും ഒടിടിയിൽ ശ്രദ്ധനേടുകയാണ്.

സെലക്ടീവായി ചിത്രങ്ങൾ ചെയ്യുന്ന താരമാണ് വിജയ് ദേവരക്കൊണ്ട. താരം നായകനാകുന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പിറന്നാൾ ദിനത്തിൽ പുറത്തുവിട്ടിരുന്നു.
















