ചെന്നൈ : തമിഴ് നാട്ടിൽ ചെക്ക് ഡാമിൽ നിന്നും കരിങ്കൽ വിഗ്രഹം കണ്ടെടുത്തു. തമിഴ്‌നാട്-ആന്ധ്രാപ്രദേശ് അതിർത്തിയിൽ തിരുപ്പത്തൂരിലെ വാണിയമ്പാടി ടൗണിന് സമീപമുള്ള പുല്ലാർ ഗ്രാമത്തിലെ ചെക്ക് ഡാമിന് സമീപമാണ് നൂറ്റാണ്ടുകൾ പഴക്കമുള്ള കരിങ്കൽ വിഗ്രഹം കണ്ടെത്തിയത്.
കടുത്ത വേനലിൽ ചെക്ക് ഡാമിലെ ജലനിരപ്പ് താഴ്ന്നപ്പോഴാണ് വിഗ്രഹം കണ്ടത്. നാട്ടുകാർ ഉടൻ തന്നെ ലോക്കൽ പോലീസിനെയും റവന്യൂ ഉദ്യോഗസ്ഥരെയും വിവരമറിയിച്ചു.
ഈ വിഗ്രഹം 7-8 നൂറ്റാണ്ടുകളിൽ ആരാധിച്ചിരുന്ന ഒരു മാതൃദേവതയോട് സാമ്യമുള്ളതായി പുരാവസ്തു ഗവേഷകർ പറഞ്ഞു.
പ്രതിമയുടെ അടിഭാഗത്ത് കണ്ടെത്തിയ ലിഖിതത്തിൽ “മഹേശ്വരി” എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ സാധാരണയിൽ നിന്ന് വ്യത്യസ്തമായി ഈ വിഗ്രഹത്തിൽ ദേവതയെ നിൽക്കുന്നതായാണ് ചിത്രീകരിച്ചിരിക്കുന്നത്. സപ്ത മാതൃക്കളിൽ ഒന്നായ മഹേശ്വരി ആണിതെന്ന് തമിഴ്‌നാട് സ്റ്റേറ്റ് ആർക്കിയോളജി ഡിപ്പാർട്ട്‌മെൻ്റിന്റെ റിട്ടയേർഡ് ഡെപ്യൂട്ടി ഡയറക്ടർ കെ. ശ്രീധരൻ വിശദീകരിച്ചു.
റവന്യൂ ഉദ്യോഗസ്ഥർ വിഗ്രഹം ഏറ്റെടുത്ത് ട്രഷറിയിൽ ഏൽപ്പിച്ചു. വിഗ്രഹം വെല്ലൂർ ജില്ലാ മ്യൂസിയത്തിൽ പ്രദർശിപ്പിക്കാമെന്ന് അധികൃതർ സൂചിപ്പിച്ചിട്ടുണ്ട്.