ന്യൂഡൽഹി: സ്വന്തം സംസ്ഥാനത്തിലെ എല്ലാ ജില്ലകളുടേയും തലസ്ഥാനങ്ങളുടേയും പേര് കാണാതെ പറയാൻ ഒഡീഷ മുഖ്യമന്ത്രി നവീൻ പട്‌നായിക്കിനെ വെല്ലുവിളിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. സംസ്ഥാനത്തെ ജില്ലകളുടെ പേര് കൃത്യമായി അറിയാത്ത മുഖ്യമന്ത്രിക്ക് ജനങ്ങളുടെ വേദന അറിയാൻ കഴിയുമോയെന്ന് കാണ്ഡമാലിൽ നടന്ന റാലിയിൽ പ്രധാനമന്ത്രി ചോദിച്ചു.
ജനങ്ങളുടെ പ്രശ്‌നങ്ങളെക്കുറിച്ച് അറിയാത്തതിനാലാണ് ആളുകൾ നവീൻ പട്‌നായിക്കിനോട് ദേഷ്യപ്പെടുന്നത്. ടൂറിസം അഭിവൃദ്ധിപ്പെടുത്താൻ പറ്റിയ പ്രദേശമാണ് ഒഡീഷ. വിനോദസഞ്ചാര മേഖലുടെ വികസനം മൊത്തത്തിലുള്ള സമ്പദ്‌വ്യവസ്ഥയ്‌ക്ക് ഉണർവേകും. സംസ്ഥാന സർക്കാരിന് പക്ഷെ അതിലൊന്നും താത്പര്യമില്ല.
ഒഡിഷയുടെ ഖ്യാതി വീണ്ടെടുക്കാൻ അടുത്ത അഞ്ച് വർഷം ബിജെപിക്ക് അവസരം നൽകണമെന്ന് അദ്ദേഹം ജനങ്ങളോട് അഭ്യർത്ഥിച്ചു.
കണ്ഡമാലിനെ പിന്നോക്ക ജില്ലയായി പ്രഖ്യാപിച്ചതിന് ബിജെഡിയെയും കോൺഗ്രസിനെയും പ്രധാനമന്ത്രി വിമർശിച്ചു. ഇത്തരം പിന്നോക്ക ജില്ലകളെ രാജ്യത്തിന്റെ അഭിലാഷ ജില്ലകളാക്കാനാണ് മോദി സർക്കാർ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഒഡീഷയിൽ ലോക്സഭയ്‌ക്കൊപ്പം നിയമസഭയിലേക്കും തെരഞ്ഞെടുപ്പ് നടക്കുന്നുണ്ട്. 21 ലോക്‌സഭാ സീറ്റുകളിലേക്കും 147 അംഗ നിയമസഭയിലേക്കുമാണ് തെരഞ്ഞെടുപ്പ്. മെയ് 13 മുതൽ ജൂൺ 1 വരെ നാല് ഘട്ടങ്ങളിലായി വോട്ടെടുപ്പ് നടക്കും. .















