ബിജാപൂർ: ബിജാപൂർ: ഛത്തീസ്ഗഡിലെ ബിജാപൂർ ജില്ലയിൽ നക്‌സലൈറ്റുകൾ സ്ഥാപിച്ച ഐഇഡി പൊട്ടിത്തെറിച്ച് യുവതിക്ക് ദാരുണാന്ത്യം. 25 കാരിയായ ശാന്തി പൂനേം ആണ് സ്‌ഫോടനത്തിൽ കൊല്ലപ്പെട്ടത്.
ഗംഗലൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ മല്ലൂർ ഗ്രാമത്തിന് സമീപമായിരുന്നു സംഭവം. ബീഡിമരത്തിൽ നിന്നും ഇല ശേഖരിക്കാൻ പോയതായിരുന്നു യുവതി. വെള്ളിയാഴ്ച സുരക്ഷാ ഉദ്യോഗസ്ഥരുമായുള്ള ഏറ്റുമുട്ടലിൽ 12 നക്സലൈറ്റുകൾ കൊല്ലപ്പെട്ട പിഡിയ ഗ്രാമത്തിൽ നിന്ന് 20 കിലോമീറ്റർ അകലെയാണ് സംഭവ സ്‌ഥലം. അപകടം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് പോലീസ് സംഭവസ്ഥലത്തേക്ക് എത്തുകയായിരുന്നു.
ബീജാപൂർ ഉൾപ്പെടെ ഏഴ് ജില്ലകൾ ഉൾപ്പെടുന്ന ബസ്തർ മേഖലയിൽ സുരക്ഷാ ഉദ്യോഗസ്ഥരെ ലക്ഷ്യമിട്ട് പലപ്പോഴും നക്‌സലൈറ്റുകൾ ഐഇഡി സ്ഥാപിക്കാറുണ്ട്. ഇതാദ്യമായല്ല ഈ മേഖലകളിൽ സാധാരണക്കാർ ഇത്തരം സ്‌ഫോടനങ്ങൾക്ക് ഇരയാകുന്നത്. കഴിഞ്ഞ ഏപ്രിൽ 20 ന് ഗംഗളൂർ പ്രദേശത്ത് നക്സലുകൾ സ്ഥാപിച്ച ഐഇഡി പൊട്ടിത്തെറിച്ച് ഒരാൾ കൊല്ലപ്പെട്ടിരുന്നു. സമാനസംഭവത്തിൽ മിർതൂർ പ്രദേശത്ത് കഴിഞ്ഞ ഏപ്രിൽ 12 ന് ഒരു റോഡ് നിർമ്മാണ തൊഴിലാളി കൊല്ലപ്പെട്ടിരുന്നു.