ശ്രീനഗർ: പുതുതായി പ്രവർത്തനം ആരംഭിച്ച കമാൻഡ് ആശുപത്രി സന്ദർശിച്ച് കരസേനാ മേധാവി ജനറൽ മനോജ് പാണ്ഡെ. കശ്മീരിലെ ഉധംപൂരിലാണ് കമാൻഡ് ആശുപത്രി സ്ഥിതിചെയ്യുന്നത്. കഴിഞ്ഞ മാസം 10-ന് മനോജ് പാണ്ഡെയാണ് ആശുപത്രിയുടെ ഉദ്ഘാടനം നിർവഹിച്ചത്.
അത്യാധുനിക സംവിധാനങ്ങളോടെയാണ് ആശുപത്രി പ്രവർത്തിക്കുന്നത്. 650 കിടക്കങ്ങൾ സജ്ജമാക്കിയിട്ടുണ്ട്. അത്യാഹിത സാഹചര്യങ്ങളിൽ 850 -ഓളം കിടക്കകളും ഒരുക്കാനാകും. അത്യാധുനിക ഓപ്പറേഷൻ തിയേറ്ററുകൾ, മെഡിക്കൽ ഗ്യാസ് പൈപ്പ് ലൈൻ സംവിധാനം, എയർ കണ്ടീഷനിംഗ് സിസ്റ്റം, അഗ്നിശമന സംവിധാനം, സുരക്ഷാ മാനദണ്ഡങ്ങൾ എന്നിവ സജ്ജമാക്കിയിട്ടുണ്ട്.
പരിസ്ഥിതി സംരക്ഷണം ഉറപ്പാക്കുന്നതിന്റെ ഭാഗമായി മാലിന്യ ശുദ്ധീകരണ പ്ലാന്റും ആശുപത്രിയിൽ നിർമിച്ചിട്ടുണ്ട്. പൂർണമായും പരിസ്ഥിതി സൗഹാർദപരമായാണ് ആശുപത്രിയുടെ പ്രവർത്തനങ്ങൾ മുന്നോട്ടുപോകുന്നത്. കൂടാതെ നിരവധി പേർക്ക് തൊഴിലസരങ്ങളും കമാൻഡ് ആശുപത്രി നൽകുന്നു. ഇത് വിവിധ മേഖലകളിലെ സാമ്പത്തിക വളർച്ചയ്‌ക്ക് സഹായിക്കുമെന്ന് സൈന്യം അറിയിച്ചു.
ആരോഗ്യ ബോധവൽക്കരണ ക്ലാസുകളും മറ്റ് പരിപാടികളും കമാൻഡ് ആശുപത്രിയിൽ നടക്കുന്നുണ്ട്. ഇതിലൂടെ സമൂഹവുമായുള്ള ബന്ധം വളർത്തുക എന്നതാണ് ലക്ഷ്യമെന്ന് സൈന്യം വ്യക്തമാക്കി.