ഡെറാഡൂൺ: ചാർധാം യാത്രയ്‌ക്കായുള്ള തീർത്ഥാടകരുടെ എണ്ണത്തിൽ വൻ വർദ്ധനവ്. അനിയന്ത്രിതമായ ഭക്തജനത്തിരക്ക് അനുഭവപ്പെടുന്നതിനാൽ യാത്ര മാറ്റിവയ്‌ക്കാൻ പൊലീസ് തീർത്ഥാടകരോട് നിർദേശിച്ചു. തീർത്ഥാടകരുടെ എണ്ണം കുത്തനെ ഉയരുന്നത് മൂലം അപകടമുണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് ചൂണ്ടിക്കാട്ടിയാണ് പൊലീസ് ഈ നിർദേശം നൽകിയത്.
യമുനോത്രി ധാമിലേക്കുള്ള പാതയിൽ ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. തീർത്ഥാടകർക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ടെന്നും സുരക്ഷാ ക്രമീകരണങ്ങൾ സജ്ജീകരിച്ചിട്ടുണ്ടെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.
ഈ മാസം 10-നാണ് ചാർധാം യാത്ര ആരംഭിച്ചത്. ആദ്യ ദിനത്തിൽ തന്നെ 29,000-ത്തിലധികം ഭക്തർ കേദാർനാഥ് ധാമിൽ ദർശനം നടത്തി. ദർശനത്തിനുള്ള ഓൺലൈൻ ബുക്കിംഗിലും വലിയ വർദ്ധനയാണുള്ളത്. രണ്ട് ദിവസത്തിനുള്ളിൽ തന്നെ കേദാർനാഥ്, ഗംഗോത്രി, യമുനോത്രി ധാമുകളിൽ വൻ തിരക്കാണ് അനുഭവപെടുന്നത്.
മഞ്ഞുകാലത്ത് അടച്ചിടുകയും വേനൽക്കാലത്ത് തുറക്കുകയും ചെയ്യുന്ന നാല് ക്ഷേത്രങ്ങളിലേക്കുമുള്ള തീർത്ഥാടനമാണ് ചാർധാം യാത്ര. അക്ഷയ തൃതീയ നാളിലാണ് ചാർധാം യാത്രക്കായി ധാമുകൾ തുറന്നത്. രാജ്യത്തിനകത്തും പുറത്തുമുള്ള ആയിരക്കണക്കിന് തീർത്ഥാടകർ ചാർധാം യാത്രയിൽ പങ്കാളികളാകാൻ ഉത്തരകാശിയിൽ എത്തിയിട്ടുണ്ട്.















