പൂനെ: ശരദ് പവാർ തന്റെ പാർട്ടി ദുർബലമാകുമ്പോഴെല്ലാം കോൺഗ്രസിൽ ചേരുകയും പിന്നീട് പാർട്ടി വിടുകയും ചെയ്യുമെന്ന് മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്. പ്രധാനമന്ത്രി നരേന്ദ്ര മോദി എൻസിപി (എസ്പി) തലവൻ ശരദ് പവാറിന് ‘ഓഫർ’ നൽകിയിട്ടില്ലെന്നും മുതിർന്ന ബിജെപി നേതാവ് പറഞ്ഞു.
“1977 മുതൽ ഇന്നുവരെ, ശരദ് പവാർ ഇങ്ങനെയാണ്.പവാറിന്റെ പാർട്ടി ദുർബലമാകുമ്പോൾ അദ്ദേഹം കോൺഗ്രസിൽ ലയിക്കുകയും പിന്നീട് പുറത്തുപോകുകയും ചെയ്യുന്നു. ഇത് ആവർത്തനമാണ്,” അദ്ദേഹം പറഞ്ഞു.
എന്നാൽ മുങ്ങുന്ന കപ്പലായ കോൺഗ്രസിൽ ലയിക്കരുതെന്നും എൻഡിഎയിൽ ചേരാനാണ് മോദി പവാറിനോട് നിർദ്ദേശിച്ചതെന്നും അദ്ദേഹം പറഞ്ഞു.
അജിത് പവാറിന്റെ നേതൃത്വത്തിലുള്ള എൻസിപി സ്ഥാനാർത്ഥി ബാരാമതി സീറ്റിൽ വിജയിക്കുമെന്ന് ശരദ് പവാറിന് മനസ്സിലായി. അതിനാലാണ് ജൂൺ 4ന് ശേഷം പ്രാദേശിക പാർട്ടികൾ കോൺഗ്രസിൽ ലയിക്കണമെന്ന് അദ്ദേഹം പ്രസ്താവന നടത്തിയതെന്നും ഉപ മുഖ്യമന്ത്രി പറഞ്ഞു. “തിരഞ്ഞെടുപ്പ് ഫലം അദ്ദേഹത്തിന് അറിയാം. മുങ്ങികൊണ്ടിരിക്കുന്നവർ മുങ്ങുന്ന കപ്പലിലേക്കാണ് പോകുന്നത്,” ഫഡ്‌നാവിസ് പറഞ്ഞു.