കണ്ണൂർ: അങ്കണവാടിയിൽ നിന്ന് തിളപ്പിച്ച പാൽ നൽകിയതിനെ തുടർന്ന് ദിവ്യാംഗന് ഗുരുതര പൊള്ളലേറ്റ സംഭവത്തിൽ അംഗൻവാടി ജീവനക്കാരിക്കെതിരെ പൊലീസ് കേസെടുത്തു. അംഗൻവാടി ജീവനക്കാരി ഷീബയ്‌ക്കെതിരെയാണ് പൊലീസ് കേസെടുത്തത്. കുട്ടിയുടെ രക്ഷിതാക്കൾ നൽകിയ പരാതിയെ തുടർന്നാണ് കേസെടുത്തിരിക്കുന്നത്. തിളച്ച പാൽ ചൂടോടെ വായിൽ ഒഴിച്ചു നൽകിയെന്ന് കുട്ടിയുടെ ബന്ധുക്കൾ നൽകിയ പരാതിയിൽ പറയുന്നു.
ഭക്ഷണവും വെള്ളവും കഴിക്കാൻ സാധിക്കാതെ നാല് ദിവസമായി കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ് കുട്ടി. ജന്മനാ സംസാരശേഷി ഇല്ലാത്ത കുഞ്ഞാണ് ചികിത്സയിലുള്ളത്. പൊള്ളലേറ്റ് വായ്‌ക്ക് ചുറ്റും തൊലി നഷ്ടപ്പെട്ട നിലയിലാണ്.
ഇക്കഴിഞ്ഞ ഏഴിന് പിണറായി 18-ാം വാർഡിലെ കോളാട് അങ്കണവാടിയിലാണ് സംഭവം നടന്നത്. വായ്‌ക്ക് ചുറ്റും പൊള്ളിയ കുഞ്ഞിനെ ഉടൻ ആശുപത്രിയിലെത്തിക്കാൻ അദ്ധ്യാപികയും ആയയും തയ്യാറായില്ലെന്നും അമ്മ ആരോപിക്കുന്നുണ്ട്.















