ന്യൂഡൽഹി: 2025 ഓടുകൂടി ജപ്പാനെ മറികടന്ന് ഭാരതം ലോകത്തെ നാലാമത്തെ വലിയ സാമ്പത്തിക ശക്തിയാകുമെന്ന് നീതി ആയോഗ് മുൻ ചെയർമാൻ അമിതാഭ് കാന്ത്. വിവിധ മാക്രോ ഇക്കണോമിക് പരാമീറ്ററുകൾ നന്നായി പ്രവർത്തിക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് അദ്ദേഹത്തിന്റെ പ്രവചനം.
ജിഡിപി യിൽ ഇന്ത്യ അഞ്ചാം സ്ഥാനത്താണ്. യുഎസ്, ചൈന, ജർമനി, ജപ്പാൻ എന്നീ രാജ്യങ്ങളാണ് ഇന്ത്യക്ക് മുന്നിൽ. 2022 ലാണ് ഇംഗ്ലണ്ടിനെ മറികടന്ന് ഇന്ത്യ അഞ്ചാം സ്ഥാനത്തെത്തിയത്. ഒരു പതിറ്റാണ്ട് മുൻപ് ഇന്ത്യൻ ജിഡിപി 11 ആം സ്ഥാനത്തായിരുന്നു. 2013 ലെ ഫ്രജൈൽ ഫൈവ് (ദുർബലമായ സമ്പദ് വ്യവസ്ഥയുള്ള രാജ്യങ്ങൾ) പട്ടികയിൽ നിന്നും 2024 ലെ അഞ്ചാം സ്ഥാനത്തേക്കുള്ള ഇന്ത്യയുടെ കുതിപ്പിൽ നിരവധി ഘടകങ്ങൾക്കുള്ള പങ്ക് അമിതാഭ് കാന്ത് വ്യക്തമാക്കി. റെക്കോർഡ് ജിഎസ്ടി കളക്ഷൻ, കഴിഞ്ഞ മൂന്ന് പാദങ്ങളിലെ എട്ട് ശതമാനം ജിഡിപി വളർച്ച, ഇന്ത്യൻ കറൻസിയിൽ വിവിധ രാജ്യങ്ങളുമായുള്ള വ്യാപാരം, നിയന്ത്രിതമായ പണപ്പെരുപ്പം എന്നീ ഘടകങ്ങൾ ഇതിന് സഹായകമായതായി അദ്ദേഹം വിലയിരുത്തി.
കൂടാതെ കേന്ദ്രസർക്കാരിന്റെ രാഷ്‌ട്രീയ സ്ഥിരത, ആർബിഐയുടെ പണനയം എന്നിവയെല്ലാം ഇന്ത്യൻ സമ്പദ് വ്യവസ്ഥയ്‌ക്ക് ഊർജ്ജം നൽകി. ഇന്റർനാഷണൽ മോണിറ്ററി ഫണ്ടിന്റെ വേൾഡ് ഇക്കണോമിക് ഔട്ട് ലുക്കിലെ ഏറ്റവും പുതിയ വിവരങ്ങളനുസരിച്ച് 2024 ൽ അതിവേഗം വളരുന്ന സമ്പദ് വ്യവസ്ഥയുള്ള രാജ്യമാണ് ഇന്ത്യ.















