മമ്മൂട്ടി നായകനാകുന്ന ആക്ഷൻ ത്രില്ലർ ചിത്രം ടർബോയുടെ തട്ടുപ്പാെളിപ്പൻ ട്രെയിലറെത്തി. ആക്ഷൻ പാക്ക്ഡ് ട്രെയിലറാണ് പുറത്തുവിട്ടത്. പോക്കിരി രാജയ്‌ക്കും അതിന്റെ രണ്ടാം ഭാഗമായ മധുരാജയ്‌ക്കും ശേഷം മമ്മൂട്ടിയും സംവിധായകൻ വൈശാഖും ഒരുമിക്കുന്ന ചിത്രമാണ് ടർബോ. കന്നഡ താരം രാജ് ബി ഷെട്ടിയാണ് വില്ലൻ വേഷത്തിലെത്തുന്നത് എന്നാണ് ട്രെയിലർ നൽകുന്ന സൂചന. വ്യത്യസ്ത ആക്ഷൻ രംഗങ്ങളാൽ സമ്പുഷ്ടമാണ് ട്രെയിലറിന്റെ ദൈർഘ്യം രണ്ടേക്കാൽ മിനിട്ടാണ്.
തെലുങ്ക് താരം സുനിലും ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. പച്ചുവും അത്ഭുത വിളക്കും എന്ന ചിത്രത്തിൽ ഫഹദിന്റെ ജോഡിയായി എത്തിയ അഞ്ജന ജയപ്രകാശ് ആണ് നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ജോണി ആൻ്റണി, ശബരീഷ് വർമ്മ, അലക്സാണ്ടർ പ്രശാന്ത്, ബിന്ദുപണിക്കർ, ദിലീഷ് പോത്തൻ, നിരഞ്ജന അനൂപ് എന്നിവരാണ് മറ്റു കേന്ദ്ര കഥാപാത്രങ്ങളാകുന്നത്. ജീപ്പ് ഡ്രൈവറായ ജോസിന്റെ കഥയാണ് ടര്‍ബോ പറയുന്നത്.